ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ പദ്ധതിയിട്ടെന്ന് SIT; പ്രതികൾ കൂടിക്കാഴ്ച നടത്തിയത് ബെംഗളൂരുവിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികള്‍ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൂടിക്കാഴ്ച. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
2019ൽ നടത്തിയ സ്വർണക്കൊള്ള പുറത്തുവരാതിരിക്കാനുള്ള ഗൂഡാലോചനയ്ക്കായാണ് മൂന്നു പേരും കണ്ടതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എസ്ഐടി പറയുന്നു. ഗോവർധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
കേസിൽ ആരോപണവിധേയരായവർ തമ്മിൽ വലിയ ഗൂഢാലോചനയും സംഘടിത കുറ്റകൃത്യവും നടന്നിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു. ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി, ഉണ്ണിക്കൃഷ്ണൻ പോറ്റി, മറ്റു പ്രതികൾ എന്നിവർ ചേർന്ന് സ്വർണം തട്ടിയെടുക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി.
സ്വർണപ്പാളികൾ വേർപെടുത്തിയെടുത്തത് സ്മാർട്ട് ക്രിയേഷൻസിൽ വച്ച് അതിന്റെ ഉടമയായ പങ്കജ് ഭണ്ഡാരിയാണ്. ഡിസംബർ 19ന് അറസ്റ്റ് ചെയ്ത ഗോവർധനെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഗോവർധനെ ഇനിയും ചോദ്യം ചെയ്യാനുള്ളതിനാൽ പോലീസ് കസ്റ്റഡി ആവശ്യമാണ്.
advertisement
ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. 1995 മുതൽ ശബരിമലയിൽ വരാറുള്ള ഗോവർധന് ശ്രീകോവിൽ യുബി ഗ്രൂപ്പ് 1998ൽ സ്വർണപ്പാളികൾ പൊതിഞ്ഞ വിവരം അറിയാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോവർധനെ ചോദ്യം ചെയ്യണം
കേസിലെ 10ാം പ്രതി ഗോവർധനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു. താന്‍ വാങ്ങിയ സ്വർണത്തിന് 14.97 ലക്ഷം രൂപ നൽകിയെന്നാണ് ഗോവർധൻ പറയുന്നത്. അതിനർത്ഥം അയാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്. ശബരിമല അയ്യപ്പന്റെ സ്വര്‍ണമാണ് നഷടപ്പെട്ടത്. അതിന്റെ സൂക്ഷിപ്പുകാരൻ ദേവസ്വം ബോർഡാണ്. സ്വർണം വാങ്ങാനോ ബോർഡിന് പണം നൽകാനോ ഗോവർധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സ്വർണത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം ഗോവർധനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം.
advertisement
ഗോവർധനിൽ നിന്ന് ലഭിച്ച 474.960 ഗ്രാം സ്വര്‍ണം ഭീഷണിപ്പെടുത്തി പിടിച്ചെടുത്തതാണെന്ന വാദം ശരിയല്ല. ഇത് സ്വമേധയാ കൈമാറുകയായിരുന്നു. സ്വർണക്കൊള്ളയിൽ നേരിട്ടു പങ്കുള്ള ഗോവർധന് അതിനാൽ ജാമ്യം നൽകരുതെന്നും എസ്ഐടി പറഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 06, 2026 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ പദ്ധതിയിട്ടെന്ന് SIT; പ്രതികൾ കൂടിക്കാഴ്ച നടത്തിയത് ബെംഗളൂരുവിൽ










