• HOME
  • »
  • NEWS
  • »
  • kerala
  • »
  • അത്ര 'സ്മാർട്ടാകേണ്ട'! യൂണിയനുകളുമായുള്ള ചർച്ച പരാജയം; സ്മാർട്ട് മീറ്റർ പദ്ധതി KSEB മരവിപ്പിച്ചു

അത്ര 'സ്മാർട്ടാകേണ്ട'! യൂണിയനുകളുമായുള്ള ചർച്ച പരാജയം; സ്മാർട്ട് മീറ്റർ പദ്ധതി KSEB മരവിപ്പിച്ചു

ആദ്യ ഘട്ടമായി 37 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് ബോർഡ് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇതു സാധ്യമാകില്ല

സ്മാർട്ട് മീറ്റർ

സ്മാർട്ട് മീറ്റർ

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതി താൽക്കാലികമായി മരവിപ്പിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ബോർഡിലെ സിഐടിയു, ഐഎൻടിയുസി സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടെൻഡർ നടപടി ഉൾപ്പെടെ മരവിപ്പിക്കുന്നത്. ഇടതുമുന്നണിയിലും മുഖ്യമന്ത്രിയുടെ തലത്തിലും ചർച്ച നടത്തി പരിഹാരത്തിനാണ് ആലോചന. ആദ്യ ഘട്ടമായി 37 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് ബോർഡ് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇതു സാധ്യമാകില്ല.

    Also Read- വൈദ്യതി സ്മാർട്ട് മീറ്ററിനെ കേരളത്തിലെ തൊഴിലാളി സംഘടനകൾ എന്തു കൊണ്ട് എതിർക്കുന്നു ?

    കേന്ദ്ര സർക്കാര്‍ എംപാനൽ ചെയ്ത സ്വകാര്യ കമ്പനികൾക്കാണ് സ്മാർട്ട് മീറ്റർ സ്ഥാപിന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ചുമതല. കമ്പനിയുടെ മുടക്കു മുതൽ ഉപയോക്താക്കൾ 93 മാസം കൊണ്ട് വൈദ്യുതി ചാർജിനൊപ്പം തിരികെ നൽകണം. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്നും ഈ രീതിയിൽ സ്ഥാപിക്കുന്നത് സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതായതിനാൽ യോജിക്കാനാവില്ലെന്നും യൂണിയൻ നേതാക്കളായ എളമരം കരീം, ആർ ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു. ഉപയോക്താക്കളുടെയും ബോർഡിന്റെയും ഡാറ്റയും ബില്ലിങ് വിവരങ്ങളും ചോരുന്നതാണ് പദ്ധതിയെന്നും അവർ ചൂണ്ടിക്കാട്ടി. കാനം രാജേന്ദ്രന് ചർച്ചയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഇതേ അഭിപ്രായം രേഖാമൂലം മന്ത്രിയെ അറിയിച്ചു.

    Also read-വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്റര്‍ അപകടകരമോ?

    പദ്ധതി നടപ്പാക്കണമെന്ന് തനിക്ക് പ്രത്യേക താൽപര്യമൊന്നുമില്ലെന്നും നടപ്പായില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സബ്സിഡി നഷ്ടമാകുമെന്നും മന്ത്രി കൃഷ്ണൻ കൂട്ടി ചൂണ്ടിക്കാട്ടി. വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60 ശതമാനവും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും (പരമാവധി 900 രൂപ) കേന്ദ്ര സബ്സി‍ഡി ആണ്. കേന്ദ്ര നിർദേശം അനുസരിച്ചില്ലെങ്കിൽ ഈ തുക നഷ്ടപ്പെടും. സ്മാർട്ട് മീറ്റർ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് അധിക കടമെടുക്കാനുള്ള പരിധിയിലും നിയന്ത്രണം വരാമെന്ന് മന്ത്രി പറഞ്ഞു.

    Published by:Rajesh V
    First published: