തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെയും പാർട്ടി അണികൾക്കെതിരെയും ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. ഇതിനിടെയാണ് ബജറ്റിനെ പ്രശംസിച്ച് പങ്കുവെച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചിരി റിയാക്ഷനുകൾ നിറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന് 28,000 റിയാക്ഷനുകള്‍ ലഭിച്ചപ്പോൾ ഇതിൽ പതിനയ്യായിരത്തോളവും ചിരി റിയാക്ഷനുകളാണ്. പോസ്റ്റിൽ ഒമ്പതിനായിരത്തിലധികം കമന്റുകളാണ് ഉള്ളത്. ഇതിൽ ബജറ്റിനെതിരെയുള്ള രോക്ഷവും കാണാം.
കേന്ദ്ര ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിൽ കുറിച്ചത്. വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ അവഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.