• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദുരന്തങ്ങളെയും കേന്ദ്രസർക്കാരിന്റെ സമീപനങ്ങളെയും അതിജീവിച്ച് നാടിനെ മുന്നോട്ടു നയിക്കാനുള്ള ബജറ്റിനെ കേരളജനത പിന്തുണയ്ക്കും' മുഖ്യമന്ത്രി

'ദുരന്തങ്ങളെയും കേന്ദ്രസർക്കാരിന്റെ സമീപനങ്ങളെയും അതിജീവിച്ച് നാടിനെ മുന്നോട്ടു നയിക്കാനുള്ള ബജറ്റിനെ കേരളജനത പിന്തുണയ്ക്കും' മുഖ്യമന്ത്രി

സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്‍റെ സഹായഹസ്തം എല്ലാ വിഭാ​ഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമ​ഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

  • Share this:
    തിരുവനന്തപുരം: കേന്ദ്ര ​ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    കേരളത്തിന്‍റെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
    സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാ​ഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമ​ഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കുറിച്ചു.
    നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണ്. വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവ​ഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു.

     പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസർക്കാരിന്റെ അവ​ഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    Published by:Arun krishna
    First published: