• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സ്വപ്നയെ അറിയാം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

'സ്വപ്നയെ അറിയാം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു കഴിഞ്ഞ നാലരവര്‍ഷവും നേതൃത്വം കൊടുത്തിരുന്നതെന്ന് ശ്രീരാമകൃഷ്ണൻ

സ്പീക്കർ ശ്രീരാമകൃഷ്ണൻ

സ്പീക്കർ ശ്രീരാമകൃഷ്ണൻ

 • Share this:
  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരവുമാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരു തരത്തിലും ബന്ധവുമില്ല.  സ്വപ്ന സുരേഷിനെ അറിയാം അവരുമായി സൗഹൃദം ഉണ്ട്. അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

  നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതില്‍ ഒരു അസഹിഷ്ണുതയുമില്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

  "സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്നും ഒരു തരത്തിലുള്ള സഹായവും ഉണ്ടായിട്ടില്ല. ഇവരെ എവിടെ നിന്നും കണ്ടിട്ടില്ല, സ്വപ്ന സുരേഷുമായി പരിചയം ഉണ്ട് സൗഹൃദമുണ്ട് , അവര് യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചിത മുഖമാണ്. പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരുതരത്തിനും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരും. ഒരു ഏജന്‍സി അന്വേഷണം നടക്കന്നതിനാല്‍ അതേക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കും"- പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

  Also Read 'ആ ഉന്നതൻ ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴും': രമേശ് ചെന്നിത്തല

  കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു കഴിഞ്ഞ നാലരവര്‍ഷവും നേതൃത്വം കൊടുത്തിരുന്നത്. നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചില്‍ നടന്ന പ്രവൃത്തികള്‍ നടന്നത്. നോര്‍ക്കയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകള്‍ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകള്‍ വീണ്ടും അത് പുതുക്കിയപ്പോള്‍ നമ്മള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികള്‍ നോര്‍ക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.

  സിവില്‍,മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകള്‍ ആവശ്യമുള്ളതാണോ എന്നതിന് സ്‌ക്രൂട്ടിനി നടത്താന്‍ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂര്‍ത്തീകരിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണെന്നും സ്പീക്കർ പറഞ്ഞു.

  ഊരാളുങ്കലിന് ടെന്‍ഡര്‍ വിളിക്കാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. സ്ഥാപനം സര്‍ക്കാരില്‍ എന്‍ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെന്‍ഡര്‍ വിളിക്കാതെ കൊടുക്കാനുള്ള ഉത്തരവുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഈ സര്‍ക്കാര്‍ കൊടുത്ത ഉത്തരവ് അല്ല അതെന്നും എല്ലാവശങ്ങളും പരിശോധിച്ച് അവരുടെ വിശ്വാസ്ത്യതയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണത്. താന്‍ അല്ലല്ലോ ആ ഉത്തരവ് ഇട്ടതെന്നും സ്പീക്കര്‍ ചോദിച്ചു.

  മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരള നിയമ സഭ പ്രവർത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി വന്‍ നേട്ടമാണ് ഇക്കാലളവില്‍ ഉണ്ടായിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാന്‍ ആണ് കടലാസ് രഹിത സഭ എന്ന ആശയം കൊണ്ട് വന്നത്. ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

  ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. 30% തുക മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ സമിതികള്‍ ആലോചിച്ചു ആണ് തീരുമാനിച്ചത്. കടലാസ് രഹിത സഭ പദ്ധതിയായ ഇ വിധാന്‍ സഭ നടപ്പാകും വഴി പ്രതി വര്‍ഷം 40 കോടി ലാഭം ഉണ്ടാകും.

  മാതൃകാപരമായ സംരംഭമാണ് സഭാ ടിവി. ജനങ്ങളും സഭയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണത്. ധൂര്‍ത്തു ലക്ഷ്യം എങ്കില്‍ സ്വന്തമായി ടീവി ചാനല്‍ തുടങ്ങാമായിരുന്നു. അതില്‍ സ്ഥിരം നിയമനം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു. വസ്തുതയില്ലാത്ത വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല. താല്‍കാലികമായ സമിതിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. നിയമ സഭ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാന്‍ വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാമെന്നും സ്പീക്കര്‍ പറഞ്ഞു.

  അന്വേഷണ ഏജന്‍സികള്‍ക്ക് എന്താണോ അറിയേണ്ടത്, അറിയേണ്ട കാര്യങ്ങളെല്ലാം ഒരു സാധാരണ പൗരനെ പോലെ നല്‍കാന്‍ താന്‍ തയ്യാറാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
  Published by:Aneesh Anirudhan
  First published: