ഫെയർവെൽ ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കല്‍; വിദ്യാർത്ഥികൾ തമ്മില്‍ ഏറ്റുമുട്ടി; പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്
വയനാട് താമരശ്ശേരിയില്‍ യാത്രയയപ്പ് ചടങ്ങിലെ തർക്കവുമായി ബന്ധപ്പെട്ട് സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് ഇടയ്ക്കുവച്ച് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കന്‍ഡറി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.
എന്നാൽ എംജെ സ്കൂളിലെ വിദ്യാർത്ഥികൾ അടുത്ത ദിവസം ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാൻ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് 5ന് ട്യൂഷൻ സെന്ററിന് സമീപമെത്തണമെന്ന് ഗ്രൂപ്പിൽ സന്ദേശം അയച്ചു. അവിടെ എത്തിയ 15 വിദ്യാർത്ഥികളാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റത്. എന്നാൽ പുറത്ത് പരിക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു.
advertisement
മകൻ തളർന്നു കിടക്കുന്നതു കണ്ട് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി 7 മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ കോമ അവസ്ഥയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
February 28, 2025 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫെയർവെൽ ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കല്‍; വിദ്യാർത്ഥികൾ തമ്മില്‍ ഏറ്റുമുട്ടി; പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ