കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ജർമൻ വനിതയെ തെരുവുനായ കടിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിതയുടെ വലതു കാലിനാണ് കടിയേറ്റത്
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജർമ്മൻ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20-ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത ആസ്ട്രിഡ് ഹ്യൂക്കെലിന്റെ (60) വലതു കാലിനാണ് തെരുവുനായയുടെ കടിയേറ്റത്.
കോഴിക്കോട് നിന്നും കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ (20633) കൊച്ചിയിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു തെരുവ്നായയുടെ ആക്രമണം. നായയെ അബദ്ധത്തിൽ ചവിട്ടിയപ്പോഴായിരുന്നു കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ആർപിഎഫ് എഎസ്ഐ സി.രഞ്ജിത്തിന്റെ നേതൃത്വ ത്തിൽ പൊലീസ് സ്ഥലത്തെത്തി.
സമീപത്തെ ആർപിഎഫ് കേന്ദ്രത്തിലെത്തിച്ച് സോപ്പ് ഉപയോഗിച്ച് മുറിവു കഴുകിയ ശേഷം കെട്ടി പ്രാഥമിക ശുശ്രൂഷയും നൽകി. തുടർ ചികിത്സയ്ക്ക് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സംഘം കൊച്ചിയിലേക്കുള്ള യാത്ര തുടരുകയായിരുന്നു. തുടർന്ന് ഇവർ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയെന്ന് റെയിൽവേ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ചികിത്സ തേടിയതായി വിവരമില്ല. പിന്നീട് ഇവരെ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
November 11, 2024 8:04 AM IST