സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത
- Published by:Sneha Reghu
- news18-malayalam
Last Updated:
അതിജീവിതയ്ക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് നവംബർ 30-നാണ് രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വർ തന്നെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി നിലവിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ നേരത്തെ രാഹുൽ ഈശ്വർ അറസ്റ്റിലാവുകയും 16 ദിവസത്തെ റിമാൻഡിന് ശേഷം ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
അതിജീവിതയ്ക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് നവംബർ 30-നാണ് രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് തിരുവനന്തപുരം എ.സി.ജെ.എം കോടതി നേരത്തെ രണ്ട് തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ പിൻവലിക്കാൻ തയ്യാറാണെന്ന് കോടതിയിൽ അറിയിച്ചിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും സമാനമായ രീതിയിൽ അധിക്ഷേപം തുടരുന്നു എന്നാണ് പുതിയ പരാതിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 04, 2026 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത










