തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ത്തിയത് കസ്റ്റസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈല്‍ പകർത്തിയ മൊഴി പകർപ്പ് ഭാര്യയുടെ പേരിലുളള മൊബൈലില്‍ ഫേണിൽ നിന്നാണ് പുറത്തുവിട്ടതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്.ദേവിനെ കുറ്റവിമുക്തനാക്കുന്നതാണ് ഐ.ബിയുടെ റിപ്പോര്‍ട്ട്. ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെ കുറിച്ച് സ്വപ്ന നൽകിയ മൊഴിയാണ് പുറത്തുവന്നത്.
അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ സംഘത്തില്‍ രണ്ടു പേര്‍ പുരുഷന്മാരും ഒരാള്‍ വനിതയുമായിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥനെതിരെയാണ് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മൊഴി പുറത്തായതിന് അന്വേഷണസംഘത്തില്‍ നിന്നും മാറ്റപ്പെട്ട എന്‍.എസ്.ദേവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഐ.ബിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മൊഴി പകർപ്പിന്റെ ചിത്രം വിശദമായ ഡിജിറ്റല്‍ പരിശോധയ്ക്ക് വിധേയമാക്കി ഏതു മൊബൈലിലാണ് പകർത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ മൊബൈലിന്റെ ഐ.എം.ഇ. നമ്പര്‍, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ വിശദാംശങ്ങളും ഡിജിറ്റല്‍ പരിശോധനയിലൂടെ കണ്ടെത്തി.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ അതേ ദിവസം തന്നെ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച ഉദ്യോഗസ്ഥൻ പിന്നീട് ബ്ലൂടൂത്ത് ഉപയോഗിച്ച് ഭാര്യയുടെ പേരിലുളള മൊബൈലിലേക്ക് മാറ്റി. ഇതിനു ശേഷമാണ് ഇത് പുറത്തേക്ക് അയച്ചതെന്നുമാണ് ഐ.ബിയുടെ കണ്ടെത്തൽ. ഈ ഉദ്യോഗസ്ഥന് ഇടതുപക്ഷ പശ്ചാത്തലമുളളതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് ഐ.ബി. കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. കൃത്യമായ ആസൂത്രണത്തോടെയാണ് മൊഴി പകർപ്പ് പുറത്തുവിട്ടതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.