• HOME
 • »
 • NEWS
 • »
 • kerala
 • »
 • സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക്; 50000 പേർക്ക് ഇരിക്കാവുന്ന ഇടം, 500 വലിയ സംഖ്യയല്ല: മുഖ്യമന്ത്രി

സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക്; 50000 പേർക്ക് ഇരിക്കാവുന്ന ഇടം, 500 വലിയ സംഖ്യയല്ല: മുഖ്യമന്ത്രി

50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യഴാഴ്ച 3: 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ പോലുള്ള ചടങ്ങില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  'തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമാണ്. എന്നാല്‍ സ്റ്റേഡിയത്തില്‍ 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാവുക. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍മാര്‍, 29 എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല. ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്‌സിക്യൂട്ടീവും, ജൂഡീഷ്യറിയും' മുഖ്യമന്ത്രി പറഞ്ഞു.

  Also Read-Covid 19 | എട്ടു ജില്ലകളില്‍ കോവിഡ് കേസുകള്‍ പത്തു മുതല്‍ 30 ശതമാനം വരെ കുറഞ്ഞു; മുഖ്യമന്ത്രി

  ക്ഷണിക്കപ്പെട്ടവര്‍ 2.45നകം സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. എംഎല്‍എമാര്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാകും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനമധ്യത്തില്‍ അവരുടെ ആഘോഷത്തിമിര്‍പ്പിനിടയിലാണ് സാധരണ നിലയില്‍ നടക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ സത്യപ്രതിജ്ഞ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  Also Read-COVID 19 | സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ്; രോഗമുക്തിയിൽ റെക്കോഡ്

  പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുന്നത് 21 അംഗ മന്ത്രിസഭ. ഇതില്‍ 12 പേര്‍ സിപിഎമ്മില്‍നിന്നും നാലു പേര്‍ സി.പി.ഐയില്‍ നിന്നുമുള്ളവരാണ്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കും. സിപിഎമ്മിനാണ് സ്പീക്കര്‍ പദവി. ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐയ്ക്ക് നല്‍കും. ഐഎന്‍എല്ലില്‍നിന്ന് ആഹമ്മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

  പി.എ. മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണന്‍, പി. നന്ദകുമാര്‍, എം.വി. ഗോവിന്ദന്‍ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും നാളെ ചേര്‍ന്ന് തുടര്‍ തീരുമാനങ്ങളെടുക്കും.

  Also Read ലോക്ഡൗണ്‍; പാല്‍ വിപണനം ഗണ്യമായി കുറഞ്ഞു; മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

  മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയതായി മുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിര്‍ദേശങ്ങള്‍ വാങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Jayesh Krishnan
  First published: