കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട; ആരോഗ്യമന്ത്രിക്കെതിരെ നാടെങ്ങും പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
മന്ത്രിമാർ ആരും ബിന്ദുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയില്ല. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജോൺ സാമുവൽ റീത്ത് സമർപ്പിച്ചു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വിശ്രുതന്റെ ഭാര്യ ഡി ബിന്ദു(52)വിന്റെ മൃതദേഹം സംസ്കരിച്ചു. ചിതയ്ക്ക് മകൻ നവനീത് തീ പകർന്നു. സ്വന്തം വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ തലയോലപ്പറമ്പിലെ സ്ഥലത്താണ് ചിതയൊരുക്കിയത്. മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇതുവരെ ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ, മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ നിന്നു. ബിന്ദുവിന്‍റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങുകയാണ് ഒരു ഗ്രാമം മുഴുവനും.
മന്ത്രിമാർ ആരും ബിന്ദുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയില്ല. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജോൺ സാമുവൽ റീത്ത് സമർപ്പിച്ചു. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകൻ നവനീതും മകൾ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേർന്നു. തങ്ങളുടെ ആകെയുള്ള അത്താണിയായിരുന്ന അമ്മ ഇനി ഇല്ലെന്നത് ഇനിയും ഇരുവർക്കും ഉൾക്കൊള്ളാനായിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. അവിടെയുണ്ടായ ദുരന്തം ജീവനെടുക്കുകയായിരുന്നു.
ഇതും വായിക്കുക: കോട്ടയം മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തു കിടന്ന 8 നിലയുള്ള കെട്ടിടത്തിലേക്ക് രോഗികളെ മാറ്റി
സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ആദ്യ ശമ്പളം കിട്ടിയത്. പതിനായിരം രൂപയുമായി നേരെ എത്തിയത് അച്ഛന്റെ അടുത്താണ്. അച്ഛാ ശമ്പളം കിട്ടി എന്ന് പറഞ്ഞപ്പോൾ... അത് അമ്മയെ ഏൽപ്പിക്കാനായിരുന്നു വിശ്രുതൻ പറഞ്ഞത്. എന്നാൽ, ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അമ്മ പോയി. അമ്മ ഇനിയില്ലെന്ന തിരിച്ചറിവിൽ നവനീത് അലമുറയിട്ട് കരഞ്ഞു. അവിടെ നിന്നിരുന്നവർക്കാർക്കും ആ കാഴ്ച കണ്ടുനിൽക്കാനാവുമായിരുന്നില്ല.
advertisement
ആശുപത്രിക്കെട്ടിടം തകർന്ന് വീണപ്പോൾ ഭാര്യയെ കാണാതായത് മനസ്സിലാക്കി ഭർത്താവ് വിശ്രുതൻ നാലുപാടും ഓടിനടപ്പായിരുന്നു. തന്റെ പ്രിയപ്പെട്ടവൾ അതിനടിയിൽ കുടുങ്ങിക്കിടക്കരുതേ എന്ന പ്രാർത്ഥനയോടെ. എന്റെ അമ്മയെ കാണാനില്ലെന്ന് മകൾ നവമിയും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആ പ്രാർത്ഥനകൾ വിഫലമായി. ആശുപത്രിക്കെട്ടിടം തകർന്നുവീണപ്പോൾ ആർക്കും പരിക്കില്ലെന്ന് അധികൃതർ വിശദീകരിക്കുമ്പോൾ തകർന്ന കെട്ടിടത്തിനുള്ളിൽ ജീവന് വേണ്ടി മല്ലിടുകയായിരുന്നു ബിന്ദു. രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം
മന്ത്രി വീണ ജോർജിന്റെ രാജിക്കായി സംസ്ഥാനത്തുടനീളം പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കും വിവിധ സംഘടനകൾ മാർച്ച് നടത്തി. പലയിടത്തും സംഘർഷമുണ്ടായി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ട് ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് ബിജെപി നടത്തിയ മാര്‍ച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
സെക്രട്ടേറിയറ്റ് അനക്‌സിന്റെ മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്തും ബിജെപിയുടെ പ്രതിഷേധം നടന്നു. തൃശ്ശൂരില്‍ മുസ്ലിംലീഗിന്റെ പ്രതിഷേധവുമുണ്ട്. കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. നേരത്തേ കൊല്ലത്തും പത്തനംതിട്ടയിലും മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു.ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 04, 2025 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട; ആരോഗ്യമന്ത്രിക്കെതിരെ നാടെങ്ങും പ്രതിഷേധം