Thrikkakara| തൃക്കാക്കരയിൽ യുഡിഎഫിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ച 10 കാരണങ്ങൾ
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസക്കാലത്തോളം മണ്ഡലത്തിൽ വലിയതോതിൽ ഊർജിതമായ പ്രചാരണം നടത്തിയിട്ടും 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടാൻ യുഡിഎഫിന് സഹായകമായ 10 ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസക്കാലത്തോളം മണ്ഡലത്തിൽ വലിയതോതിൽ ഊർജിതമായ പ്രചാരണം നടത്തിയിട്ടും 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടാൻ യുഡിഎഫിന് സഹായകമായ 10 ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. സ്ഥാനാർത്ഥി താരതമ്യം
പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്ന രണ്ടു വ്യക്തികൾ ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികളായപ്പോൾ നടത്തിയ താരതമ്യം ഉമാ തോമസിന് അനുകൂലമായി. തുടക്കം മുതൽ ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്
2. സ്ഥാനാർത്ഥി നിർണയം
ഡൽഹിക്ക് പല വട്ടം പറന്ന് ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തുകിടക്കുന്ന മുൻ പതിവുകൾ തെറ്റിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫിന് ഗുണമായി.
3. ഇടതു സ്ഥാനാർത്ഥിയുടെ അവതരണം
ഒരു സിപിഎം സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു തൃക്കാക്കരയിൽ നടന്നത്. സ്ഥാനാർത്ഥി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഇറങ്ങി വന്ന വേഷത്തിൽ ഡോക്ടർ വന്നത് മെഡിക്കൽ സമൂഹത്തിലും പുറത്തും അതൃപ്തി ഉളവാക്കി. ഒപ്പം ഇരുന്നവരിൽ പാർട്ടി ചുമതലക്കാരോടൊപ്പം ആശുപത്രിയിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന പുരോഹിതർ അടക്കം ഉണ്ടായിരുന്നു. ഇത് കേരളത്തിൽ മുമ്പൊരിടത്തും സിപിഎം നടത്തിയിട്ടില്ല.
advertisement
4. കെ റയിൽ സിൽവർ ലൈൻ
കെ റയിൽ സിൽവർ ലൈൻ വികസനത്തിന് വേണ്ടി എന്നും അതിന് മുന്നോട്ടു പോകാനുള്ള അനുമതിയാണ് തെരഞ്ഞെടുപ്പിലൂടെ നൽകേണ്ടത് എന്നും ആവശ്യപ്പെട്ടതും. സംസ്ഥാനത്തിന്റെ പല ഭാഗത്തും സിൽവർ ലൈനിന് എതിരായി നടന്ന കനത്ത പ്രതിഷേധം നഗരപ്രദേശമായ തൃക്കാക്കരയിൽ ബാധിക്കില്ല എന്ന അമിത ആത്മവിശ്വാസവും തിരിച്ചടിയായി.
5. യുഡിഎഫ് കെട്ടുറപ്പ്
ഇവിടത്തെ പരാജയം എന്നാൽ അവസാനം എന്ന തിരിച്ചറിവിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചത് യുഡിഎഫിന് നേട്ടമായി. സാമ്പത്തികമായ വെല്ലുവിളികൾ പോലും മറികടന്നുള്ള പ്രവർത്തനമായിരുന്നു എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
advertisement
6. 'ഉറപ്പാണ് 100'
കാടടച്ചുള്ള പഴുതടച്ചുള്ള പ്രചാരണം ഗുണം ചെയ്തില്ല എന്ന് വ്യക്തം. എല്ലാം മന്ത്രിമാരും എൽഡിഫിലെ ഭൂരിപക്ഷം എംഎൽഎമാരും ക്യാംപ് ചെയ്ത് നടത്തിയ പ്രചാരണം വിപരീത ഫലം ഉളവാക്കി. ഒരു സാധാരണ ഉപ തെരഞ്ഞെടുപ്പ് ആയി മാറേണ്ടിയിരുന്നത് ഉറപ്പാണ് തൃക്കാക്കര ഉറപ്പാണ് 100 എന്ന തരത്തിൽ പ്രചാരണം നടത്തിയത് വോട്ടർമാരിൽ അതൃപ്തി വളർത്തി. മന്ത്രിമാരടക്കം ഒരു വീട്ടിൽ പല തവണ കയറി ഇറങ്ങിയിട്ടും ഫലം ചെയ്തില്ല.
7. പി ടി തോമസ്
ഒരുതവണ പോലും മന്ത്രി ആയിട്ടില്ലാത്ത പി ടി തോമസിന്റെ അന്ത്യയാത്രാ ചടങ്ങുകൾ ഏതൊരു പൊതു പ്രവർത്തകനെയും അതിശയിപ്പിക്കുന്നതായിരുന്നു. മതനേതൃത്വങ്ങളുടെ എതിർപ്പ് നേരിടേണ്ടിവന്ന പി.ടി. തങ്ങളുടെ വികാരമാണെന്ന തരത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിച്ചത്. അതിന് പ്രതിഫലനവും ഉണ്ടായി എന്ന് കരുതാം.
advertisement
8. ട്വന്റി 20
പതിനായിരത്തിനു മേൽ വോട്ടുള്ള തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ നിർത്താതെ ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് തങ്ങളുടെ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതിഷേധം രേഖപ്പെടുത്തിയത് ഇടതുമുന്നണിയ്ക്ക് എതിരായി.
9. കെ വി തോമസ്
നാലു പതിറ്റാണ്ടോളം ഒപ്പം നിന്ന് പല ഉന്നത സ്ഥാനങ്ങളും വഹിച്ച കെ വി തോമസ് പാർട്ടി വിട്ട സമയവും രീതിയും പല കാരണങ്ങളാൽ ആടി നിന്ന യുഡിഎഫുകാരെ മാറ്റി ചിന്തിപ്പിച്ചു. ഇത് കോൺഗ്രസിനോപ്പം ഉറച്ചു നിന്ന് പ്രവർത്തിക്കുന്നതിലേക്ക് അവരെ നയിച്ചു.
advertisement
10. ഇടതുപക്ഷ വോട്ടുകൾ
ഇപ്പോഴത്തെ ഇടതു സർക്കാരിൽ ചിലരുടെ അപ്രമാദിത്യം മാത്രമാണ് നടക്കുന്നത് എന്ന് അഭിപ്രായമുള്ളവരും എൽ ഡി എഫിന് ഒരു തിരുത്തു വേണം എന്ന് ചിന്തിക്കുന്നവരും ഇടതു പക്ഷത്തിന് എതിരെ വോട്ടു ചെയ്തു. ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇതിനൊപ്പമായി. യുവജന നേതാവായ കെ എസ് അരുൺകുമാറിന് വേണ്ടി ചുവരെഴുതി തുടങ്ങിയ ശേഷം അത് മായ്ച്ചത് കുറച്ചു പേരെയെങ്കിലും മാറ്റി ചിന്തിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2022 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara| തൃക്കാക്കരയിൽ യുഡിഎഫിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ച 10 കാരണങ്ങൾ


