താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതനിരോധനം; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരും. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.
മണ്ണിടിഞ്ഞഭാഗത്തെ കല്ലും മണ്ണും പൂര്‍ണമായി മാറ്റിയശേഷം രാത്രി 8.45ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങള്‍ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങള്‍ മുകളിലേക്കും കയറ്റിവിട്ടതിനുശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകിട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്.
advertisement
താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധന നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടര്‍ന്നത്. വലിയ പാറക്കല്ലുകള്‍ സ്റ്റോണ്‍ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡില്‍നിന്നുമാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
August 28, 2025 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതനിരോധനം; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം