ലൈഫ് മിഷൻ ക്രമക്കേടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു; സന്തോഷ് ഈപ്പൻ പ്രതിപ്പട്ടികയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയതുവഴി ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം സമ്പാദിച്ചു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം. ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്ക് മാറ്റാനും സന്തോഷ് ഈപ്പൻ സ്വപ്ന അടക്കമുള്ള പ്രതികളെ സഹായിച്ചു. കേസിൽ സന്തോഷ് ഈപ്പനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന നൽകിയ അവസാനമൊഴിയിൽ സന്തോഷ് ഈപ്പൻ ആറ് കോടി രൂപ കോഴയായി നൽകിയതായി സൂചിപ്പിക്കുന്നുണ്ട്. ഇത് യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവരുടെ കോഴപ്പണമാണെന്നാണ് ഇ.ഡിയുടെ നിഗമനം.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഇ.ഡി.തയ്യാറെടുക്കുകയാണ്. ലൈഫ്മിഷൻ പദ്ധതിയുടെ മറവിൽ നടന്ന പണമിടപാടുകളും ക്രമക്കേടുകളും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. പ്രാഥമികമായി സന്തോഷ് ഈപ്പനെയാണ് പ്രതിചേർത്തതെങ്കിലും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെടും. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റ് പ്രതികളിലേക്ക് കടക്കുക.
ശിവശങ്കർ, സ്വപ്ന സുരേഷ്, സരിത്, യു.എ.ഇ കോൺസുലേറ്റ് അക്കൗണ്ടൻ്റ് ഖാലിദ്, കോൺസുൽ ജനറൽ തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യത ഏറെയാണ്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻ്റെ പങ്കാളിത്തം ഇ.ഡി.നേരത്തെ തന്നെ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ് മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി.ഇ.ഒ. യു.വി.ജോസ്, തൻ്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി.ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ട് എന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ശിവശങ്കർ കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ഇ.ഡി. സമർത്ഥിക്കുന്നുണ്ട്.
advertisement
ലൈഫ് മിഷനിലും സ്വർണ്ണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നതെന്ന് ഇ.ഡി. കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.
സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയതുവഴി ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം സമ്പാദിച്ചു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2021 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷൻ ക്രമക്കേടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു; സന്തോഷ് ഈപ്പൻ പ്രതിപ്പട്ടികയിൽ