വേണുഗോപാലൻ നായരുടെ മരണമൊഴിയിൽ തർക്കം മുറുകുന്നു
Last Updated:
തിരുവനന്തപുരം: വേണുഗോപാലൻ നായരുടെ മരണത്തിൽ തർക്കം മുറുകുന്നു. ശബരിമല വിഷയമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് മരണമൊഴിയിൽ പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞദിവസം വൈകുന്നേരം വേണുഗോപാലൻ നായരുടെ സഹോദരന്‍ മണിക്കുട്ടന്‍ രംഗത്തെത്തി. രാവിലെ മാധ്യമങ്ങളോട് പറഞ്ഞ അഭിപ്രായങ്ങൾ തിരുത്തിയായിരുന്നു മണിക്കുട്ടന്‍റെ വൈകുന്നേരത്തെ പ്രതികരണം.
ബിജെപി നേതാക്കള്‍ വീട്ടിലെത്തി സംസാരിച്ചതിനു ശേഷമായിരുന്നു വൈകുന്നേരം മണിക്കുട്ടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ മണിക്കുട്ടൻ പറഞ്ഞത് തന്‍റെ സഹോദരന് രാഷ്ട്രീയമില്ലെന്നും എല്ലാവരോടും ഒരുപോലെയാണെന്നും ആയിരുന്നു. സഹോദരൻ സമരപ്പന്തലിൽ എന്തിന് എത്തിയെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അറിയില്ലെന്ന് ആയിരുന്നു മറുപടി.
എന്നാൽ വൈകിട്ട് ചിത്രം മാറി. ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, എംടി രമേശ് അടക്കമുള്ളവര്‍ മുട്ടത്തറയിലെ വീട്ടിലെത്തി വേണു ഗോപാലന്‍ നായരുടെ സഹോദരനോടും, സഹോദരിയോടും സംസാരിച്ചു. ഒ. രാജഗോപാല്‍ തിരികെ പോയ ശേഷം ബിജെപി ജില്ല പ്രസിഡന്‍റ് എസ് സുരേഷ് പുറത്തിറങ്ങി വേണുഗോപാലന്‍റെ സഹോദരന് മാധ്യമങ്ങളോട് സംസാരിക്കണമെന്ന് അറിയിച്ചു. തുടര്‍ന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.
advertisement
താന്‍ പുലര്‍ച്ചെ ആശുപത്രിയിലെത്തി സഹോദരനെ കണ്ടെന്നും അയ്യപ്പന് വേണ്ടിയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് തന്നോട് വേണുഗോപാലന്‍ നായര്‍ പറഞ്ഞെന്നുമാണ് വൈകുന്നേരം മണിക്കുട്ടന്‍ പറഞ്ഞത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സഹോദരന് ഇല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും മണിക്കുട്ടൻ വൈകുന്നേരവും ആവർത്തിച്ചു.
എന്നാൽ, മജിസ്‌ട്രേറ്റിനോടോ ഡോക്ടറോടോ സംസാരിക്കുന്നത് താന്‍ കണ്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. മണിക്കുട്ടന്‍റെ പ്രതികരണശേഷം, പുറത്ത് ഇറങ്ങിയ എംടി രമേശ്, മജിസ്‌ട്രേറ്റിന്‍റെ റിപ്പോര്‍ട്ടെന്ന് പറഞ്ഞ് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ആരോപിച്ചു. ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴിയെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 9:55 AM IST


