ഓർക്കാപ്പുറത്ത് ആഞ്ഞടിച്ച ഉരുൾപൊട്ടലിനെ അതിജീവിച്ച ഊരിൻ്റെ കഥ
- Reported by:Athira Balan A
- Published by:Warda Zainudheen
Last Updated:
അമ്പൂരി...തിരുവന്തപുരത്തിൻ്റെ അങ്ങേയറ്റത്തു അധികമാരും അറിയാതെ കിടക്കുന്ന ഒരിടം...എന്നാൽ ദുരന്തമുഖങ്ങളിൽ വീണുപോകുന്ന ഓരോ നാടിനും പ്രതീക്ഷയാണ് അമ്പൂരി. ഇവിടെ എത്തിയാലോ, ഇത്രയും മനോഹരമായ ഒരിടം തിരുവനന്തപുരത്ത് വേറെ കാണില്ല എന്നു തന്നെ പറയേണ്ടേ വരും....
2001 നവംബർ 9ന് കേരളം അന്നോളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിനാണ് തിരുവനന്തപുരത്തെ അമ്പൂരി എന്ന ഗ്രാമം സാക്ഷിയായത്. അമ്പൂരി എന്ന മലയോര ഗ്രാമം ഒന്നടങ്കം ആ ദുരന്തത്തിന്റെ രാക്ഷസ തിരമാലകളിൽ അലിഞ്ഞുചേർന്നു. അന്ന് ജീവൻ നഷ്ടമായത് 39 പേർക്കാണ്. എന്നാൽ ദുരന്തത്തിൻ്റെ ഓർമ്മകൾ മാഞ്ഞ് തിരുവനന്തപുരത്തിന്റെ ഭൂപടത്തിൽ പുതിയ പേര് ചേർക്കുകയാണ് ഈ കുഞ്ഞു ഗ്രാമം. അതൊരിക്കലും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടെതല്ല. തിരുവനന്തപുരത്തെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിയിലേക്കാണ് അമ്പൂരി ഉയർന്നത്. ദുരന്തമുഖങ്ങളിൽ വീണുപോകുന്ന ഓരോ നാടിനും പ്രതീക്ഷയാണ് അമ്പൂരിയുടെ ഈ തിരിച്ചുവരവ്.
തിരുവനന്തപുരം ജില്ലയിലെ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരി. വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് അമ്പൂരിയെ മനോഹരമാക്കുന്നത്. ഇതിന്റെ തെളിമയുള്ള വെള്ളവും കരയിലെ കാഴ്ചകളും റബർ തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ് എങ്ങോട്ടോ പോകുന്ന പാതകളും ഒക്കെക്കൂടി അമ്പൂരിയെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുന്നു.

advertisement
അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിൻ്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഗംഭീരമാണ്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്. അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.
അമ്പൂരി എന്ന വ്യത്യസ്തമായ പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡ വർമ്മ രാജാവിൻ്റെ വില്ലളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ ‘അമ്പ് ഊരിയ’ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെടുന്നതത്രെ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 31, 2024 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഓർക്കാപ്പുറത്ത് ആഞ്ഞടിച്ച ഉരുൾപൊട്ടലിനെ അതിജീവിച്ച ഊരിൻ്റെ കഥ










