തിരുവനന്തപുരം: പ്രളയക്കെടുതിക്കിടയിൽ അടിയന്തര സാഹചര്യം പരിഗണിക്കാതെ അവധിയിൽ പോയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദമായി. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനടക്കം നേതൃത്വം വഹിക്കേണ്ട തിരുവനന്തപുരം ജില്ലയുടെ കളക്ടർ അവധിയിൽ പോയതോടെ ഈ പ്രവർത്തനങ്ങളും അവതാളത്തിലായി.
ദുരിതബാധിതർക്ക് ഇപ്പോൾ സഹായം വേണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ശേഷമാണ് കളക്ടർ കെ ഗോപാലകൃഷ്ണൻ അവധിയിൽ പോയത്. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വിതരണം ചെയ്തതും. ഇത്തവണ തിരുവനന്തപുരം നഗരസഭയും പ്രസ്ക്ലബ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളും കളക്ഷൻ സെന്റർ തുടങ്ങിയിട്ടും ജില്ലാ കളക്ടർ ഇക്കാര്യത്തോട് മുഖംതിരിച്ചതാണ് വിവാദമായിരിക്കുന്നത്.
രണ്ടാം ശനിയാഴ്ച ആയിട്ടും വില്ലേജ് ഓഫീസുകൾ അടക്കം ഇന്ന് പ്രവർത്തിച്ചിരുന്നു. അവധിയിൽ പോയ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ജില്ലാ കളക്ടർ തന്നെ അവധിയെടുത്ത് മുങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert