കേരളത്തിലെ ആദ്യ ഗ്രാഫൈറ്റ് ഖനി; വെള്ളനാടിന് പറയാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഖനന ചരിത്രം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ലിഥിയം-അയൺ ബാറ്ററികളുടെ നിർമ്മാണത്തിൽ ഗ്രാഫൈറ്റ് പ്രധാനമാകുന്ന ഈ കാലഘട്ടത്തിൽ, വെള്ളനാടിൻ്റെ നഷ്ടപ്പെട്ട വ്യവസായ പൈതൃകത്തെിൻ്റെ പ്രസക്തി ഏറെയാണ്.
കേന്ദ്രസർക്കാരിൻ്റെ ധാതു ഖനന കോറിഡോറിൽ കേരളം ഉൾപ്പെടുമ്പോൾ, തിരുവനന്തപുരം ജില്ലയിലെ വെള്ളനാടിന് പറയാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രദ്ധേയമായ ഖനന ചരിത്രമാണ്. കേരളത്തിൽ ആദ്യമായി ഗ്രാഫൈറ്റ് ഖനനം ആരംഭിച്ചത് 1898-ൽ വെള്ളനാട്ടിലാണെന്ന വസ്തുത ഇന്നും പലർക്കും അറിവില്ലാത്ത ഒന്നാണ്.
തിരുവിതാംകൂർ രാജഭരണകാലത്ത് ബ്രിട്ടനിലെ പ്രശസ്ത വ്യവസായ സ്ഥാപനമായ മോർഗൻ ക്രൂസിബിൾ കമ്പനിയാണ് അന്നത്തെ ദിവാൻ്റെ പ്രത്യേക അനുമതിയോടെ ഇവിടെ ഖനനം തുടങ്ങിയത്. ഇതോടെ കേരളത്തിലെ ആധുനിക ഖനന ചരിത്രത്തിൽ വെള്ളനാട് സ്വന്തം പേര് അടയാളപ്പെടുത്തി. വെള്ളനാട്-വേളിമല മേഖലകളിൽ കാണപ്പെട്ട ഗ്രാഫൈറ്റിൻ്റെ അസാധാരണമായ ശുദ്ധിയും ഉയർന്ന കാർബൺ അളവുമാണ് ബ്രിട്ടീഷ് വ്യവസായികളെ ഇങ്ങോട്ട് ആകർഷിച്ചത്.
ലോഹം ഉരുക്കാനുള്ള ക്രൂസിബിളുകൾ, പെൻസിലുകൾ, ലൂബ്രിക്കൻ്റുകൾ എന്നിവയുടെ നിർമ്മാണത്തിനായി ഇവിടെ നിന്ന് വലിയ തോതിൽ ഗ്രാഫൈറ്റ് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഭൂമിക്കടിയിലേക്ക് തുരങ്കങ്ങൾ നിർമ്മിച്ചുകൊണ്ടുള്ള അത്യാധുനികമായ ഖനന രീതിയാണ് അന്ന് പിന്തുടർന്നിരുന്നത്.
advertisement
എന്നാൽ ഒന്നാം ലോകമഹായുദ്ധവും ഗതാഗത ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധിയും കാരണമായി 1912-ഓടെ ഈ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ന് ലിഥിയം-അയൺ ബാറ്ററികളുടെ നിർമ്മാണത്തിൽ ഗ്രാഫൈറ്റ് അത്യന്താപേക്ഷിതമായ ഒരു ഘടകമായി മാറുമ്പോൾ, നൂറു വർഷങ്ങൾക്ക് മുൻപേ ഈ തന്ത്രപ്രധാന ധാതുവിൻ്റെ മൂല്യം വെള്ളനാട് ലോകത്തിന് കാണിച്ചുകൊടുത്തിരുന്നു എന്നത് അഭിമാനകരമാണ്.
വെള്ളനാടിന് പിന്നാലെ വേളി, കുളത്തൂർ എന്നിവിടങ്ങളിലും നിക്ഷേപം കണ്ടെത്തിയിരുന്നെങ്കിലും ചരിത്രപരമായ പ്രാധാന്യം വെള്ളനാടിന് തന്നെയാണ്. ഇന്നും ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴയ ഖനന അവശിഷ്ടങ്ങളും തുരങ്കങ്ങളും കേരളത്തിൻ്റെ നഷ്ടപ്പെട്ട വ്യവസായ പൈതൃകത്തിൻ്റെ നിശബ്ദ സാക്ഷികളായി നിലകൊള്ളുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 13, 2026 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരളത്തിലെ ആദ്യ ഗ്രാഫൈറ്റ് ഖനി; വെള്ളനാടിന് പറയാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഖനന ചരിത്രം










