വായനയ്ക്കായി വീടുകളിൽ ഹോം ലൈബ്രറി സജ്ജമാക്കി ഒരു ഗ്രാമം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
സ്കൂളിലെ അധ്യാപികയായ ഷമീനയുടെ നേതൃത്വത്തിൽ ആരംഭിച്ച 'പുസ്തക കുടുക്കകളിൽ നിന്ന് പുസ്തക ഉടമകളിലേക്ക്, ഞങ്ങളുടെ ഗ്രാമം വായന ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യമം.
ഒരു നാടിനെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ തോട്ടയ്ക്കാട് ഗവൺമെൻ്റ് എൽ.പി. സ്കൂൾ നടപ്പിലാക്കുന്ന 'പുസ്തക കുടുക്ക' പദ്ധതി ശ്രദ്ധേയമാകുന്നു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അമിലും അനുഗ്രഹയും തങ്ങളുടെ വീട്ടിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഉദ്ഘാടനം ഒ.എസ്. അംബിക എംഎൽഎ നിർവ്വഹിച്ചു.
ചെറുപ്പം മുതൽ തങ്ങൾ സ്വരുക്കൂട്ടിയ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കർ വായനക്കാർക്കായി തുറന്നുനൽകിയിരിക്കുന്നത്. വായന കഴിഞ്ഞ് തിരികെ ഏൽപ്പിക്കണം എന്ന ഒറ്റ നിബന്ധനയിൽ ആർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ കൊണ്ടുപോകാം. സ്കൂളിലെ അധ്യാപികയായ ഷമീനയുടെ നേതൃത്വത്തിൽ ആരംഭിച്ച 'പുസ്തക കുടുക്കകളിൽ നിന്ന് പുസ്തക ഉടമകളിലേക്ക്, ഞങ്ങളുടെ ഗ്രാമം വായന ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യമം.
കുട്ടികൾ തങ്ങളുടെ കുടുക്കകളിൽ ശേഖരിക്കുന്ന നാണയത്തുട്ടുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങി വീട്ടിൽ ലൈബ്രറി ഒരുക്കുന്നതാണ് പദ്ധതിയുടെ രീതി. അമിലിൻ്റെയും അനുഗ്രഹയുടെയും മാതൃക പിന്തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഇത്തരം ഹോം ലൈബ്രറികൾ ഒരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തോട്ടയ്ക്കാട് വാടകോട്ടുകാവിലുള്ള ഇവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ കരവാരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കവിത, സമഗ്രശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഇ. അനുലേഖ, എസ്. സുരേഷ്, പി. മോഹൻ, ലാലികുമാർ തുടങ്ങിയവർ പങ്കെടുത്തു.
advertisement
വായനയെ ഒരു സംസ്കാരമായി വളർത്തുന്ന ഈ ഗ്രാമീണ കൂട്ടായ്മ നാടിന് പുതിയൊരു വിജ്ഞാന വിപ്ലവത്തിൻ്റെ സന്ദേശമാണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 04, 2026 5:55 PM IST









