ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്കിന് കുറുകേ കിടന്നു; മേഘ അവസാനമായി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം
- Published by:ASHLI
- news18-malayalam
Last Updated:
ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിക്കുന്നത്
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്.
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്.പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ടയുടൻ ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകുന്ന വിവരം.
ജീവനൊടുക്കുന്നതിനു മുൻപായി മേഘ ഫോണിൽ സംസാരിച്ചത് ആരോടാണെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഒരു മാസം മുൻപ് കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് അവസാനമായി മേഘ നാട്ടിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2025 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്കിന് കുറുകേ കിടന്നു; മേഘ അവസാനമായി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം