'ഒരു തൈ നടാം ചങ്ങാതിക്ക് ഒരു തൈ'; പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ വൃക്ഷവൽക്കരണ കാമ്പയിന് തുടക്കം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പച്ചത്തുരുത്ത് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി ഹരിതാഭം വർദ്ധിപ്പിക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് തലത്തിൽ ഈ കാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്.
സംസ്ഥാന സർക്കാരിൻ്റെ ഹരിതകേരളം മിഷൻ്റെ ഭാഗമായി നടപ്പാക്കുന്ന ഒരുകോടി വൃക്ഷവൽക്കരണ പദ്ധതിക്ക് കരുത്തേകി പാറശാല ബ്ലോക്ക് പഞ്ചായത്തിൽ 'ഒരു തൈ നടാം ചങ്ങാതിക്ക് ഒരു തൈ' എന്ന ജനകീയ കാമ്പയിന് തുടക്കമായി. പച്ചത്തുരുത്ത് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി ഹരിതാഭം വർദ്ധിപ്പിക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് തലത്തിൽ ഈ കാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്.
അയിര ഗവ. കെ.വി.എച്ച്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന കാമ്പയിൻ പ്രഖ്യാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും, അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളും ഈ യജ്ഞത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അൽവേഡിസ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം പദ്ധതി അസിസ്റ്റൻ്റ് കോഡിനേറ്റർ ഹരിപ്രിയ മുഖ്യാതിഥിയായി പങ്കെടുത്തു.
നട്ടുപിടിപ്പിക്കുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാലന സമിതി രൂപീകരിക്കുമെന്നും, തൈകളുടെ വളർച്ച ജിയോടാഗിങ് വഴി നിരീക്ഷിക്കുമെന്നും ഹരിപ്രിയ വിശദമാക്കി. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ കാമ്പയിൻ പ്രത്യേക ശ്രദ്ധ നൽകും.
advertisement
വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് കാമ്പയിൻ നടത്താൻ ലക്ഷ്യമിടുന്നത്. ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാലിനി സുരേഷ്, ഷിനി, ഗവ. കെ.വി.എച്ച്.എസ്. പ്രിൻസിപ്പാൾ പ്രമീള ഗ്രാസിൻ, പ്രധാന അധ്യാപിക ആശ ലത, ശുചിത്വ മിഷൻ ബ്ലോക്ക് കോഡിനേറ്റർ ജെയിംസ് തുടങ്ങിയവരും പങ്കെടുത്തു.
ഈ ജനകീയ കാമ്പയിനിലൂടെ പാറശാല ബ്ലോക്ക് പരിധിയിൽ ലക്ഷ്യമിടുന്ന വൃക്ഷത്തൈകളുടെ എണ്ണം വരും ദിവസങ്ങളിൽ കൃത്യമായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 07, 2025 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'ഒരു തൈ നടാം ചങ്ങാതിക്ക് ഒരു തൈ'; പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ വൃക്ഷവൽക്കരണ കാമ്പയിന് തുടക്കം


