മുറജപത്തിന് മുന്നോടിയായി ക്ഷേത്രക്കുളം ശൂന്യം! പിന്നിൽ സംഭവിച്ചത് ഇതാണ്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഇരുപതിലേറെ ലോഡ് മീനുകളെയാണ് കുളത്തിൽ നിന്ന് നീക്കം ചെയ്തത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കുന്ന ഇടമാണ് ക്ഷേത്രത്തോട് അനുബന്ധമായി നിർമ്മിച്ചിട്ടുള്ള പത്മതീർത്ഥ കുളം. ആചാരത്തിൻ്റെ ഭാഗമല്ലെങ്കിൽ പോലും അടുത്തിടെയായി ഈ പത്മതീർത്ഥ കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഭക്തർ പതിവായി ചെയ്തുവരുന്ന ഒരു കാര്യമാണ്. ഇവിടത്തെ മത്സ്യങ്ങളെ പോലും ഭക്ത്യാദരപൂർവ്വമാണ് വിശ്വാസികൾ കണ്ടുവരുന്നത്. എന്നാൽ ഈ മത്സ്യ കുഞ്ഞുങ്ങളെയെല്ലാം ക്ഷേത്രക്കുളത്തിൽ നിന്നും മാറ്റിയിരിക്കുകയാണ്. അതിന് പിന്നിൽ ഒരു കാരണമുണ്ട്. എന്താണെന്ന് അറിയണ്ടേ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പത്മതീർഥക്കുളത്തിൽ നിന്ന് മത്സ്യങ്ങളെ നെയ്യാർ ഡാമിലേക്കും അരുവിക്കര റിസർവോയറിലേക്കും മാറ്റി സ്ഥാപിച്ചു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങായ മുറജപത്തിന് മുന്നോടിയായി കുളം ശുചീകരിക്കുന്നതിനിടെയാണ് മീനുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതായി കണ്ടെത്തിയത്. മീനുകൾ കൂടിയതുമൂലം ചത്തുപോകുന്ന സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ, അവയുടെ ജീവൻ സംരക്ഷിക്കുകയും കുളത്തിലെ മത്സ്യങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്.
ഇരുപതിലേറെ ലോഡ് മീനുകളെയാണ് കുളത്തിൽ നിന്ന് നീക്കം ചെയ്തത്. ക്ഷേത്ര ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം, ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിലാണ് മീൻപിടിത്തവും മാറ്റിക്കൊണ്ടുപോകലും നടന്നത്. മീനുകളെ പ്രത്യേക ടാങ്കുകളിൽ വെള്ളം നിറച്ചാണ് നെയ്യാർ ഡാം, അരുവിക്കര റിസർവോയർ എന്നിവിടങ്ങളിലെ ജലാശയങ്ങളിലേക്ക് വിട്ടത്.
advertisement
അടുത്ത മാസം മുറജപം ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പത്മതീർഥക്കുളം പൂർണ്ണമായി ശുചീകരിക്കുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മുറജപം. 56 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് ആറ് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന വേദമന്ത്രങ്ങളുടെയും പൂജകളുടെയും ഭാഗമായി രാജ്യത്തിൻ്റെ പല ഭാഗത്തുനിന്നുള്ള വേദജ്ഞരും പണ്ഡിതന്മാരും ഇതിൽ പങ്കെടുക്കും. അത്യധികം പ്രധാനപ്പെട്ടതും വിപുലവുമായ ഒരു ഹൈന്ദവ ആചാരമാണിത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 18, 2025 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മുറജപത്തിന് മുന്നോടിയായി ക്ഷേത്രക്കുളം ശൂന്യം! പിന്നിൽ സംഭവിച്ചത് ഇതാണ്