പാലക്കാട്: സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്.
സമീപ പ്രദേശത്ത് പറമ്പിൽ കളിക്കാനിറങ്ങിയ കുട്ടികള്‍ സമീപത്തെ കുളത്തില്‍ കൈകാലുകള്‍ കഴുകാനിറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. മറ്റൊരു കുട്ടിയാണ് വിവരം അടുത്തള്ളവരെ അറിയിച്ചത്. സഹായത്തിനായി ആളുകളെത്തിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു.
മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചെങ്കിലും ദുരന്തം സംഭവിച്ച് കഴിഞ്ഞിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂരിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് സമാന സംഭവത്തിൽ രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടയിലാണു ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ അജൽനാഥും ആദിത്യനും മുങ്ങി മരിച്ചത്.
സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഒരു വർഷം ആയിരത്തിന് മുകളിൽ മലയാളികളാണ് മുങ്ങി മരിക്കുന്നതെന്നും ഇത് കുറയ്ക്കാൻ ടിവി ചാനലുകളുടെ സഹായം വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു വർഷം ആയിരത്തിന് മുകളിൽ മലയാളികളാണ് മുങ്ങി മരിക്കുന്നതെന്ന കണക്കുകൾ നിരത്തിയായിരുന്നു പ്രതികരണം.
ചലച്ചിത്ര താരം അനിൽ നെടുമങ്ങാട്മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെ മുങ്ങിമരണങ്ങൾ സംബന്ധിച്ച് തുമ്മാരുകുടി പ്രതികരിച്ചത്. കൂടുതൽ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളിൽ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ മുങ്ങി മരണങ്ങൾ തുടരുമെന്ന് മറ്റൊരു പോസ്റ്റിലും അദ്ദേഹം പ്രതികരിച്ചിരുന്നു.
കേരളത്തിൽ ഒരു വർഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തിൽ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിക്കാത്തത്. ഉദാഹരണത്തിന് രണ്ടായിരത്തി പത്തൊമ്പതിൽ കേരളത്തിൽ ആയിരത്തി നാനൂറ്റി അൻപത്തി രണ്ടു സംഭവങ്ങളിൽ ആയി ആയിരത്തി നാനൂറ്റി തൊണ്ണൂറു പേരാണ് മുങ്ങി മരിച്ചത്. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.