പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയത് ടി ഒ സൂരജിന്റെ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
അറസ്റ്റിലായ ആദ്യ ദിവസങ്ങളിൽ സൂരജ് ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല. പക്ഷെ തുടർച്ചയായി റിമാൻഡ് ചെയ്യപ്പെടുകയും ആരും തുണയക്കാൻ എത്തുന്നില്ലന്നും മനസിലായതോടെ സൂരജ് നിലപാട് മാറ്റി.
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ നാലാം പ്രതിയായിരുന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജിൻ്റെ മൊഴിയാണ് കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ നിർണായകമായത്. മന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് ആവർത്തിച്ച് പറഞ്ഞിരുന്നു. അറസ്റ്റിലായ ആദ്യ ദിവസങ്ങളിൽ സൂരജ് ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല. പക്ഷെ തുടർച്ചയായി റിമാൻഡ് ചെയ്യപ്പെടുകയും ആരും തുണയക്കാൻ എത്തുന്നില്ലന്നും മനസിലായതോടെ സൂരജ് നിലപാട് മാറ്റി.
തന്നെ കുടുക്കിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അത് അടുത്ത ദിവസങ്ങളിൽ പിന്നെയും കടുപ്പിച്ചു. പിന്നേ ഓരോ കോടതിക്ക് മുന്നിലേക്കുള്ള ഓരോ വരവിലും സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ സൂചനകൾ നൽകിക്കൊണ്ടേയിരുന്നു.പലിശ വാങ്ങാതെ ആർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറഷൻ എംഡി ശിപാർശ ചെയ്തതായും സൂരജ് ആരോപിച്ചു.
advertisement
ഹൈക്കോടതിയിലെ തന്റെ ജാമ്യ ഹർജിയിലും സൂരജ് നിലപാടുകൾ ആവർത്തിച്ചു. അതേ സമയം സൂരജിന്റെ ആരോപണങ്ങളെ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷ് തള്ളി. എല്ലാം രേഖകളിലുണ്ടെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്തിരുന്നു.
advertisement
പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോർപറേഷൻ ജോയിന്റ് ജനറൽ മാനേജർ എം.ടി.തങ്കച്ചൻ രണ്ടാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ മൂന്നാം പ്രതിയുമാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. പദ്ധതിയുടെ കൺസൾട്ടൻസിയും രൂപരേഖ നിർമ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളിൽ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം.
വിജിലൻസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ട സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേരുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ട അറസ്റ്റിനു ശേഷം പല തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. മുൻ മന്ത്രിയെന്ന നിലയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു വിജിലൻസ് നൽകിയ സൂചനകൾ. ഇതിനിടെ അറസ്റ്റിലായ നാലുപേരും കോടതിയിൽ നിന്നും ജാമ്യവും നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയത് ടി ഒ സൂരജിന്റെ മൊഴി