അട്ടപ്പാടി ചുരത്തിൽ ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഒൻപതാം വളവിലാണ് വാഹനം തിരിക്കാൻ കഴിയാതെ ട്രെയ്ലർ ലോറി കുടുങ്ങിയത്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
വലിയ വാഹനമായതിനാൽ പാലക്കാട് - വാളയാർ വഴിയാണ് ട്രെയിലർ ലോറി സഞ്ചരിക്കേണ്ടത്. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത ഡ്രൈവർമാർ കോയമ്പത്തൂരിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്ന് കരുതി അട്ടപ്പാടി ചുരത്തിലൂടെ പോവാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ചുരത്തിലെ ഏഴാം വളവിൽ എത്തിയ വാഹനം തിരിക്കാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ഇതിന് തൊട്ട് പുറകേ വന്ന ട്രെയിലർ മറിയുകയും ചെയ്തു. ഇതോടെ ഒരു ബൈക്കിന് പോലും പോവാൻ കഴിയാത്ത തരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
ഇതോടെ അട്ടപ്പാടിയിലേയ്ക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഈ വഴി സഞ്ചരിക്കുന്ന നൂറ് കണക്കിനാളുകളാണ് ദുരിതത്തിലായത്. അട്ടപ്പാടി ചുരത്തിന് താഴെ വനം വകുപ്പ് ചെക്ക് പോസ്റ്റ് കടന്നു വേണം ഇതുവഴി സഞ്ചരിയ്ക്കാൻ. ഇത്രയും വലിയ വാഹനം ചുരത്തിലൂടെ കടന്നു പോവില്ലെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥർ കടത്തിവിട്ടത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. ട്രെയിലർ ലോറികളെ വനംവകുപ്പ് തിരിച്ചു വിടാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് നാട്ടുകാർ വ്യക്തമാക്കി.
ക്രെയിനിൻ്റെ സഹായത്തോടെ വാഹനം മാറ്റാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സും, പൊലീസും. കഴിഞ്ഞ ദിവസവും അട്ടപ്പാടി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അട്ടപ്പാടിയിലേക്ക് സമാന്തര റോഡില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.