തൃപ്പൂണിത്തുറ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും; സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്
- Published by:Sarika KP
- news18-malayalam
Last Updated:
യുവാവ് ഉടന്‍ തന്നെ സിപിആർ നല്‍കുന്നതും ഒരു മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
കൊച്ചി: തൃപ്പുണിത്തുറയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.40 ഓടെ കുഴഞ്ഞുവീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടന്‍ തന്നെ സിപിആർ നല്‍കുന്നതും ഒരു മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് ശനിയാഴ്ച രാത്രി 8.45ഓടെയാണ് മനോഹരനെ തൃപ്പുണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മർദ്ദിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മനോഹരന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ നടത്തിയ ഉപരോധത്തില്‍ ഉന്തും തള്ളുമുണ്ടായി. സ്‌റ്റേഷനിലെത്തിയ സബ് കലക്ടറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മനോഹരന്റെ മരണത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
advertisement
അതിനിടെ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗം അരവിന്ദ് ബാബു ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും വിവിധ രേഖകളും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കുഴഞ്ഞു വീഴുന്നതായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണകാരണം പറയാനാകൂ. സംഭവത്തില്‍ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അരവിന്ദ് ബാബു വ്യക്തമാക്കി. മനോഹരന്റെ മൃതദേഹം രാത്രി തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 27, 2023 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃപ്പൂണിത്തുറ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും; സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്