കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ബോട്ട് കാസർഗോഡ് തീരത്തേക്ക് ഇടിച്ചു കയറി; പത്തു പേരെയും രക്ഷപെടുത്തി കോസ്റ്റൽ പോലീസ്
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസമാണ് കുമ്പള, ഷിറിയക്ക് സമീപം എട്ടു നോട്ടിക്കൽ മൈൽ ദൂരത്ത് സാങ്കേതിക തകരാർ കാരണം ബോട്ട് കടലിൽ കുടുങ്ങിയത്
കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട് കടലിൽ കുടുങ്ങിയ ടഗ് ബോട്ട് തീരത്തേക്ക് ഇടിച്ചു കയറി. കഴിഞ്ഞ ദിവസമാണ് കുമ്പള, ഷിറിയക്ക് സമീപം എട്ടു നോട്ടിക്കൽ മൈൽ ദൂരത്ത് സാങ്കേതിക തകരാർ കാരണം ബോട്ട് കടലിൽ കുടുങ്ങിയത്. ബോട്ടിൽ ഉണ്ടായിരുന്ന പത്തുപേരെയും കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി.
യന്ത്രത്തകരാറിനെ തുടർന്ന് മഞ്ചേശ്വരം തീരത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയ ടഗ് ബോട്ട് ശക്തമായ കാറ്റിലും തിരമാലകളിലും പെട്ടു മൊഗ്രാൽ തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞതിനെത്തുടർന്ന് തീരദേശ പൊലീസും, ഫിഷറീസ് വകുപ്പ് അധികൃതരും ചേർന്ന് ടഗിലുണ്ടായിരുന്ന ജീവനക്കാരെ ബോട്ടിലെത്തി രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
ജീവനക്കാരെ രക്ഷപ്പെടുത്തിയതിനു ശേഷമാണ് ടഗ് ഒഴുകി മൊഗ്രാൽ തീരത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ ശക്തമായ കാറ്റും, തിരമാലയുമായിരുന്നു. ഈ വിവരം ടഗിലുണ്ടായിരുന്നവർ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു.
advertisement
കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാർ കമ്പനിയുടെ കൂറ്റൻ ടഗ് ബോട്ടാണ് സാങ്കേതികത്തകരാറുമൂലം കുടുങ്ങിയത്. ബുധനാഴ്‌ച ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ചേർന്ന് പരിശോധന നടത്തി.
ഫിഷറീസ് വകുപ്പിന്റെ ബോട്ട് സ്ഥലത്തെത്തി ഇതിലുണ്ടായിരുന്ന മലയാളിയായ ക്യാപ്റ്റനടക്കം രണ്ടുപേരെ മഞ്ചേശ്വരം തുറമുഖത്ത് എത്തിച്ചതിനു ശേഷം ബാക്കി ജീവനക്കാരുമായി ബോട്ട് നങ്കൂരമിട്ടു. യന്ത്രത്തകരാർ പരിഹരിക്കാനായി മംഗളുരുവിലെത്തിക്കാനായിരുന്നു ആദ്യ ശ്രമം. പിന്നീട് മംഗളൂരുവിൽ നിന്നു മറ്റൊരു ടഗിന്റെ സഹായത്തോടെ കെട്ടിവലിച്ച് കരയിലെത്തിക്കുന്നതിനുള്ള അനുമതി കാത്തിരിക്കയാണ് ടഗ് ഒഴുകി മൊഗ്രാലിലെത്തിയത്. ഇതിലുണ്ടായിരുന്ന 10 പേരും സുരക്ഷിതരാണ്. വിദഗ്‌ധസംഘമെത്തി ടഗ് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2025 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ബോട്ട് കാസർഗോഡ് തീരത്തേക്ക് ഇടിച്ചു കയറി; പത്തു പേരെയും രക്ഷപെടുത്തി കോസ്റ്റൽ പോലീസ്