മദ്യലഹരിയിൽ റെയില്‍വേ ട്രാക്കിൽ രണ്ടുപേർ; സഡൻ ബ്രേക്കിട്ട് ട്രെയിൻ നിര്‍ത്തി; ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍
- Published by:Rajesh V
- news18-malayalam
Last Updated:
'ട്രെയിന്‍ ഇവരുടെ 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിട്ടു. 50 മീറ്ററോളം അടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു. പിന്നാലെ ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്കിട്ടിരുന്നതിനാല്‍ ട്രെയിന്‍ സാവധാനം വന്ന് ഇവരുടെ മുകളിലാണ് നിന്നത്'
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മദ്യപിച്ച് ബോധരഹിതരായി കിടന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് ബോധം മറഞ്ഞ ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്നത്. ഷാലിമാര്‍ എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അന്‍വര്‍ ഹുസൈനാണ് രണ്ടുപേരുടെ ജീവന്‍ രക്ഷിച്ചത്.
ലോക്കോ പൈലറ്റ് പറഞ്ഞത് ഇങ്ങനെ- ‘ആലുവയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. ആലുവ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റെയില്‍വേ ട്രാക്കില്‍ രണ്ടുപേരെ കണ്ടത്. ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നു, മറ്റെയാള്‍ ഇരിക്കുന്നു. നില്‍ക്കുന്ന ആള്‍ ഇരിക്കുന്നയാളെ പൊക്കാന്‍ ശ്രമിക്കുന്നത് ദൂരെ നിന്നേ കണ്ടു. പതിവായി ആളുകള്‍ ക്രോസ് ചെയ്യുന്ന സ്ഥലമായതിനാല്‍ അവര്‍ ട്രാക്കില്‍ നിന്ന് മാറുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല. ട്രെയിന്‍ ഇവരുടെ 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിട്ടു. 50 മീറ്ററോളം അടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു. പിന്നാലെ ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്കിട്ടിരുന്നതിനാല്‍ ട്രെയിന്‍ സാവധാനം വന്ന് ഇവരുടെ മുകളിലാണ് നിന്നത്. എന്‍ജിന്‍ ഭാഗം ഇരുവരുടെയും ശരീരത്തിന് മുകളിലായി. ട്രെയിന്‍ നിന്നയുടനെ കോ- പൈലറ്റായ സുജിത്ത് സുധാകരന്‍ ടോര്‍ച്ചുമായി ഇറങ്ങിനോക്കി'.
advertisement
'ട്രെയിനിന്‍റെ അടിയില്‍ ഇരുവരും സുരക്ഷിതരായി കിടക്കുന്നതാണ് കണ്ടത്. സാധാരണ രണ്ടു പേര്‍ ട്രെയിനിന് അടിയില്‍പെട്ട് രക്ഷപ്പെടുന്ന സംഭവം അപൂര്‍വമാണ്. കാരണം ഒരാള്‍ക്ക് കഷ്ടിച്ച് കിടക്കാനുള്ള ഇടം മാത്രമേ ഉണ്ടാകൂ. ഇരുവര്‍ക്കും ഒരു പോറല്‍ പോലുമേറ്റിരുന്നില്ല. ഇറങ്ങിവരാന്‍ പറഞ്ഞപ്പോള്‍ അവര്‍ സ്വയം ട്രെയിനിന്‍റെ അടിയില്‍ നിന്ന് ഇറങ്ങിവന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകളോട് സൂക്ഷിക്കണം എന്നു മാത്രമാണ് പറയാനുള്ളത്’.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Aluva,Ernakulam,Kerala
First Published :
March 18, 2025 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയിൽ റെയില്‍വേ ട്രാക്കിൽ രണ്ടുപേർ; സഡൻ ബ്രേക്കിട്ട് ട്രെയിൻ നിര്‍ത്തി; ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍