സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം
- Published by:Naseeba TC
- news18-malayalam
Last Updated:
അടുത്തിടെ നടത്തിയ സർക്കാർ വിരുദ്ധ സമരങ്ങളുടെ വിജയം പ്രതിപക്ഷ നിരക്ക് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങി യുഡിഎഫ് (UDF). നാളെ നിർണായകമായ മുന്നണിയോഗം ചേരും. പോലീസിനെതിരായി ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി (Pinarayi Vijayan)ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ആണ് പ്രതിപക്ഷം നീങ്ങുന്നത്. ആലുവ സംഭവം ഉയർത്തിക്കാട്ടി സ്ത്രീ സുരക്ഷ ചർച്ചയാക്കി ഉള്ള പ്രക്ഷോഭ പരിപാടികൾ ആണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
ഭരണമുന്നണിക്കകത്ത് തന്നെ പോലീസിന്റെ വീഴ്ചകൾക്കെതിരെ വിമർശനമുണ്ട്. അട്ടപ്പാടിയിലെ നവജാതശിശു മരണവും കെ-റെയിൽ വിരുദ്ധ സമരവും കൂടുതൽ ചർച്ചയാക്കാനും പ്രതിപക്ഷം ലക്ഷ്യമിടുന്നു. കെറെയിലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ഇടതു സർക്കാരിൻറെ തകർച്ചയ്ക്ക് ഇടയാക്കിയ നന്ദിഗ്രാം മോഡൽ സമരങ്ങൾ വരെയാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
പ്രതിപക്ഷത്തിന് പുതിയ ഊർജ്ജം
അടുത്തിടെ നടത്തിയ സർക്കാർ വിരുദ്ധ സമരങ്ങളുടെ വിജയം പ്രതിപക്ഷ നിരക്ക് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. ജനപ്രതിനിധികളെ അണിനിരത്തി ആലുവ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ സമരം ഫലം കണ്ടത് വലിയ ആത്മവിശ്വാസം നൽകി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം ഇതാദ്യമായിട്ടാണ് നിയമസഭയ്ക്ക് പുറത്ത് ശക്തമായ സമരം നയിക്കാൻ പ്രതിപക്ഷ നിരക്ക് കഴിഞ്ഞത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഘടകകക്ഷികളെ ഒന്നിച്ച് സർക്കാരിനെതിരെ അണിനിരത്താനും മുന്നണി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
advertisement
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയത്തോടെയും ആഭ്യന്തര തർക്കങ്ങൾ മൂലവും ദുർബലമായ കോൺഗ്രസ് നേതൃത്വം, ശക്തമായി സമരങ്ങൾക്ക് നേതൃത്വം നൽകി എന്നതും ശ്രദ്ധേയമാണ്. ഘടകകക്ഷികളുടെ വിശ്വാസം ആർജ്ജിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വാസം.
പ്രാദേശിക തലത്തിലും യുഡിഎഫ് യോഗം
സംസ്ഥാനതലത്തിൽ ഏകോപനം സാധ്യമാകാറുണ്ടെങ്കിലും പ്രാദേശികതലത്തിൽ യുഡിഎഫിനകത്ത് ഐക്യമില്ല . മിക്ക ജില്ലകളിലും ഇത് പ്രതിസന്ധിയായി തന്നെ തുടരുന്നു. ഇതിന് പരിഹാരം കാണാനാണ് മുന്നണി നേതൃത്വം ലക്ഷ്യമിടുന്നത്. മണ്ഡലം തലത്തിലും യുഡിഎഫ് കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. പൂർത്തിയായി വരുന്ന യുഡിഎഫിന്റെ ജില്ലാ കൺവെൻഷനുകളിൽ മുന്നണിയിലെ ഐക്യമാണ് ചർച്ചയാകുന്നത്.
advertisement
പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് സർക്കാരിനെതിരെ സമരരംഗത്ത് എത്താനും നിർദേശം നൽകിയിട്ടുണ്ട്. നാളെ ചേരുന്ന യുഡിഎഫ് യോഗം, സർക്കാരിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകും. ഇന്ധന വിലവർദ്ധനവ് വിഷയത്തിൽ നേരത്തെ തന്നെ മുന്നണി സമരരംഗത്താണ്. ഇത് ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾക്കും രൂപം നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2021 6:01 PM IST