Priya Varghese | ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്ന് UGC; പ്രിയാ വര്‍ഗീസിന് തിരിച്ചടി
- Published by:Arun krishna
- news18-malayalam
Last Updated:
പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി സെപ്റ്റംബര്‍ 16 വരെ നീട്ടുകയും ചെയ്തു
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് തിരിച്ചടി. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ യുജിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടുകയും ചെയ്തു. സെപ്റ്റംബര്‍ 16നാണ് കേസ് ഇനി പരിഗണിക്കുക.
ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന നിലപാട് യുജിസി സ്റ്റാന്‍ഡിങ് കൗണ്‍സിലാണ് കോടതിയെ അറിയിച്ചത്. വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാനും യുജിസിയോട് കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. ഇരുവര്‍ക്കും വിശദീകരണം നല്‍കുന്നതിനും കോടതി സമയം അനുവദിച്ചു. ഇതോടെ കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയായിരുന്നു.
advertisement
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിൽ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ 8 വർഷത്തെ അധ്യാപനപരിചയം പ്രിയാ വർഗീസിനില്ലെന്ന് ആരോപിച്ചാണ് രണ്ടാം റാങ്കുകാരനായ ഹർജിക്കാരൻ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയ പരാതി നൽകിയത്. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാൻസലർ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി പ്രിയയ്ക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകിയതെന്നും ആരോപിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, പ്രിയ വർഗീസ് തുടങ്ങിയവരാണ് ഹർജിയിൽ എതിർകക്ഷികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2022 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Priya Varghese | ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്ന് UGC; പ്രിയാ വര്‍ഗീസിന് തിരിച്ചടി