തിരുവനന്തപുരം: തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ നടുറോഡിൽ നിർത്തിയിട്ട് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. പൊലീസ് കസ്റ്റഡിയിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷനും ഉപരോധിക്കുകയാണ്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കിഴക്കേകോട്ടയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കെ.എസ്.ആർ.ടി.സി ബസിന് തൊട്ടു മുൻപിലായി ആറ്റുകാലിലേക്ക് പോകാനുള്ള സ്വകാര്യ ബസ് 40 മിനിറ്റ് നേരത്തെ നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. ഗാന്ധിപാർക്കിനു മുന്നിൽ പാർക്ക് ചെയ്ത സ്വകാര്യബസിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ ബസിന് അനുകൂലമായി പൊലീസ് നിലപാടെടുക്കുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു.
സ്വകാര്യ ബസിനെതിരെ നടപടി ആവശ്യപ്പെട്ട സിറ്റി ഡിടിഒയെ ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ ഷെറി അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്തെന്നും ഇവർ ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർമാരെയും സ്റ്റേഷൻ മാസ്റ്റർമാരെയും മർദിക്കുകയും ചെയ്ത പൊലീസ് സ്വകാര്യ ബസിനെ വിട്ടയച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്നാണ് നിരത്തുകളിൽ ബസ് നിർത്തിയിട്ട് ജീവനക്കാർ പ്രതിഷേധം ആരംഭിച്ചത്.
ഇതിനിടെ മിന്നൽ പണിമുടക്ക് ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും ജീവനക്കാർ വ്യാപിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.