ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ പദ്ധതി ചോർന്നത് അതീവ ഗൗരവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജൻസ് മേധാവി തയാറാക്കിയ റിപ്പോർട്ട് ചോർന്നത് കേരള പൊലീസിന് നാണക്കേടായി.
ആവർത്തിക്കുന്ന ഉദാസീനത
മുൻപ് പല കാര്യങ്ങളിലും സംഭവിച്ചതു പോലെ ഇക്കാര്യത്തിലും പൊലീസ് കാര്യങ്ങള്‍ ലാഘവത്തോടെയാണ് എടുത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്താനില്ലെന്നും ആഭ്യന്തര സുരക്ഷയോട് കാണിക്കുന്ന ഉദാസീനതയാണ് സംഭവത്തിന് പിന്നിലെന്നുമാണ് വിലയിരുത്തുന്നത്. ഏതെങ്കിലും സാധാരണ ഉദ്യോഗസ്ഥനിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർന്നതെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും
സുരക്ഷാ ഭീഷണി
കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോർട്ടാണ് പുറത്തായത്. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.
പൊലീസ് അന്വേഷണം തുടങ്ങി
പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതുപോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിനിടെ, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാവിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
സുരക്ഷാ ക്രമീകരണങ്ങൾ
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടി കെ വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.
ഭീഷണിക്കത്ത്
കേരളത്തിൽ സന്ദർശനത്തിന് എത്തുമ്പോൾ പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. കത്തിനേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചതെന്നാണ് വിവരം. ഉടൻതന്നെ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.