യു.ഡി.എഫ്. (UDF) നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന പാലാ എംഎല്‍എ മാണി സി.കാപ്പന്‍റെ വിമര്‍ശനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan) കാപ്പൻ (Mani C. Kappan) പരസ്യമായി ഇത്തരം പരാമർശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കിൽ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും സതീശന്‍ പറഞ്ഞു. കാപ്പന് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (Thiruvanchoor Radhakrishnan) എംഎല്‍എയും പ്രതികരിച്ചു.
മാണി സി കാപ്പൻ ഇത് വരെ പരാതിയുമായി എന്‍റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കിൽ പരിഹരിക്കും, ആർഎസ്പിയുടെ പരാതി പരിഹരിച്ചെന്നും വി.ഡി സതീശൻ്റെ പ്രതികരിച്ചു.
Also Read- യു.ഡി.എഫ്. വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം: മാണി സി. കാപ്പൻ
യുഡിഎഫ് സംവിധാനത്തിൽ മാണി സി കാപ്പന് പരാതി ഉണ്ടെങ്കിൽ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം. മാണി സി. കാപ്പൻ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പൻ നിലപാടുള്ള ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികൾ പറയുന്നത് ന്യായമെങ്കിൽ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
യു.ഡി.എഫ്. തന്നോട് എടുക്കുന്ന നിലപാടിനെതിരെ പരാതിയുണ്ട്. ഒരു നേതാവിന് മാത്രമാണ് തന്നോട് വ്യക്തിപരമായ പ്രശ്നം ഉള്ളത്. യുഡിഎഫിനോട് തനിക്ക് നീരസമില്ലെന്നും കാപ്പന്‍ പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുട്ടിൽ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു.ഡി.എഫ്. സംഘത്തിൽ തനിക്ക് ക്ഷണം ലഭിച്ചില്ല. ഇത് തന്നോടുള്ള കൃത്യമായ അവഗണനയുടെ സൂചനയാണ്. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നു. വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. എന്നാൽ തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത് എന്നാണ് മാണി സി. കാപ്പൻ ആരോപിച്ചു.
Also Read- മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; താനും എല്ലാ ആഴ്ചയും ശരത് പവാറിനെ ഞാനും കാണാറുണ്ട്: എകെ ശശീന്ദ്രൻ
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഉന്നം വെച്ചാണ് കാപ്പൻ നിലപാട് പറഞ്ഞത് എന്ന് സൂചനയുണ്ട്. അതേസമയം, കെ. സുധാകരനെ വാനോളം പുകഴ്ത്തി സംസാരിക്കാനും മാണി സി. കാപ്പൻ തയ്യാറായി എന്നതും ശ്രദ്ധേയം. സുധാകരൻ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തന്റേതിന് സമാനമായ പരാതി അനൂപ് ജേക്കബിനും ഉണ്ട്. യുഡിഎഫിന് എതിരായ നിലപാട് കടുപ്പിക്കുമ്പോഴും, രാഷ്ട്രീയ മറുകണ്ടം ചാടലിന് താൻ ഇല്ല എന്ന് കൂടി മാണി സി. കാപ്പൻ വ്യക്തമാക്കി.
ഇടതുമുന്നണിയിലേക്ക് താൻ പോകുന്ന കാര്യം പരിഗണനയിലില്ല. യു.ഡി.എഫ്. നേതൃത്വത്തിലുള്ള ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും കാപ്പൻ.
നേരത്തെ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സംഘം വയനാട്ടിലേക്ക് പോയപ്പോൾ കാപ്പനെ ക്ഷണിച്ചിരുന്നില്ല. യു.ഡി.എഫ്. നേതൃത്വം തന്നെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അന്ന് കാപ്പന്‍ രംഗത്തുവന്നിരുന്നു.
സതീശനുമായുള്ള അതൃപ്തി കാപ്പൻ തുറന്നു പറയുന്നത് ഇതാദ്യമാണ്. മാണി സി. കാപ്പനെ യു.ഡി.എഫ്. മുന്നണിയിലേക്ക് കൊണ്ടുവന്നത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ വി.ഡി. സതീശനും ചെന്നിത്തലയും നടത്തുന്ന വ്യക്തിത്വം നീക്കങ്ങൾ ചർച്ചയായിരുന്നു. നേരത്തെ പരാതി നൽകിയിട്ടും സതീശൻ അവഗണിച്ചു എന്നതാണ് കാപ്പനെ ചൊടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.