'മധുസൂദനനോട് പക, ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ലക്ഷ്യം'; പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
- Published by:Rajesh V
- news18-malayalam
Last Updated:
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിയായി മാറിയെന്നും പ്രചരിപ്പിച്ചത് നുണകളെന്നും കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ വലിയ തിരിമറി നടത്തിയെന്ന് പയ്യന്നൂർ എംഎൽഎക്കെതിരേ ആരോപണമുന്നയിച്ച ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കുഞ്ഞികൃഷ്ണനെ പുറത്താക്കിയതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റെ നേതൃത്വത്തിൽ സാമ്പത്തികാപഹരണം നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിയായി മാറിയെന്നും പ്രചരിപ്പിച്ചത് നുണകളെന്നും കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ഇപ്പോൾ ആരോപിക്കുന്നത്. പാർട്ടിക്കകത്തുനിന്ന് പാർട്ടിയെ വഞ്ചിച്ച് വാർത്തകൾ ചോർത്തി. ഇപ്പോൾ പറയുന്നതിൽ കൃത്യമായ ലക്ഷ്യമുണ്ട്. തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മധുസൂദനനോടുള്ള പകയാണ് ആരോപണത്തിന് പിന്നിലെന്നും രാഗേഷ് ആരോപിച്ചു.
advertisement
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചതാണ്. പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയതായി കണ്ടെത്തിയിട്ടുമില്ല. പാർട്ടി അന്വേഷിച്ച് തീർപ്പാക്കിയ കാര്യം വീണ്ടും ഉന്നയിക്കുകയായിരുന്നുവെന്നും പാർട്ടിയെ കടന്നാക്രമിക്കുന്നവരുടെ കൈയിലെ കോടാലിക്കൈയായി അധഃപതിച്ചെന്നും രാഗേഷ് വിമർശിച്ചു.
പാർട്ടി നടപടിയെടുത്ത കാര്യം പരസ്യമായി ഉന്നയിച്ച് കടുത്ത അച്ചടക്കലംഘനമാണ് കുഞ്ഞികൃഷ്ണൻ നടത്തിയതെന്ന് കഴിഞ്ഞദിവസം ജില്ലാസെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു, 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്. പാർട്ടിയിൽ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താൻ പറയാൻ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്. പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.
advertisement
50 വർഷത്തിലധികമായി പാർട്ടിയോടൊപ്പമുള്ള നേതാവാണ് 74കാരനായ കുഞ്ഞികൃഷ്ണൻ. 24-ാം വയസ്സിൽ പാർട്ടി അംഗത്വമെടുത്ത അദ്ദേഹം ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ ഏരിയാസെക്രട്ടറി എന്നീ പദവികൾ വഹിച്ചാണ് ജില്ലാകമ്മിറ്റി അംഗമായത്. പയ്യന്നൂരിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയുടെ സമയത്താണ് ഏരിയാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം സമ്മർദത്തിന് വഴങ്ങി തിരിച്ചെത്തുകയും ജില്ലാകമ്മിറ്റിയിലെ ക്ഷണിതാവുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലാകമ്മിറ്റി അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Jan 26, 2026 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മധുസൂദനനോട് പക, ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ലക്ഷ്യം'; പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി








