HOME » NEWS » Kerala » VD SATHEESAN WHO STUDIES AND PRESENTS THE SUBJECT ACCURATELY NOW BECOME THE HOPE OF THE OPPOSITION

VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ

ഏതു വിഷയവും ആഴത്തിൽ പഠിച്ച് സമർത്ഥമായി നിയമസഭയിലും പുറത്തും അവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 56 കാരനായ വി ഡി സതീശൻ പ്രതിപക്ഷ നേതാവായി വരുമ്പോൾ, വലിയൊരു തിരിച്ചുവരവ് സ്വപ്നം കാണുകയാണ് കോണ്‍ഗ്രസ് പ്രവർത്തകരും.

News18 Malayalam | news18-malayalam
Updated: May 22, 2021, 12:11 PM IST
VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ
വി ഡി സതീശൻ
  • Share this:
തിരുവനന്തപുരം: കോൺഗ്രസിലെ പുതുതലമുറയിലെ എംഎൽഎമാരിൽ ഏറ്റവും മികവ് പുലർത്തുന്ന സാമാജികരിൽ ഒന്നാമനാണ് പറവൂരിൽ നിന്ന് അഞ്ചാം തവണയും ജയിച്ചു കയറിയ വി ഡി സതീശൻ. സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് അദ്ദേഹം പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഏതു വിഷയവും ആഴത്തിൽ പഠിച്ച് സമർത്ഥമായി നിയമസഭയിലും പുറത്തും അവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 56 കാരനായ വി ഡി സതീശൻ പ്രതിപക്ഷ നേതാവായി വരുമ്പോൾ, വലിയൊരു തിരിച്ചുവരവ് സ്വപ്നം കാണുകയാണ് കോണ്‍ഗ്രസ് പ്രവർത്തകരും.

പറവൂരിൽ നിന്ന് അഞ്ചാം തവണ

ഇടതു തരംഗം ആഞ്ഞടിച്ച ഈ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ അഞ്ചാം തവണയും ഭൂരിപക്ഷം ഉയര്‍ത്തിയാണ് പറവൂര്‍ മണ്ഡലത്തില്‍ നിന്നും സതീശൻ നിയമസഭയിലെത്തുന്നത്. ഇടതുകോട്ടയായിരുന്ന പറവൂരില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ച സിപിഐയുടെ പി രാജുവിനോട് 1996 ലെ തെരഞ്ഞെടുപ്പില്‍ 1116 വോട്ടുകള്‍ക്ക് തോറ്റ വി ഡി സതീശന്‍ 2001 ല്‍ അദ്ദേഹത്തെ 7434 വോട്ടുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. പിന്നീടൊരിക്കലും പറവൂര്‍ വി ഡിയെയും വി ഡി പറവൂരിനെയും കൈവിട്ടിട്ടില്ല. 2006 ല്‍ കെ.എം. ദിനകരനെ 7792 വോട്ടുകള്‍ക്കും 2011 ല്‍ പന്ന്യന്‍ രവീന്ദ്രനെ 11,349 വോട്ടുകള്‍ക്കും തോല്‍പ്പിച്ച സതീശന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശാരദ മോഹനെതിരെ ലീഡ് 20,634 ആക്കി കുത്തനെ ഉയര്‍ത്തി. ഇത്തവണ എം ടി നിക്സണെതിരെയും ലീഡില്‍ നേരിയ വര്‍ധന -20,968 വോട്ടുകള്‍.

ലോട്ടറി സംവാദം

വി എസ് സർക്കാരിന്റെ കാലത്ത്, 2010 ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലോടെയാണ് വി ഡി സതീശന്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുന്നത്. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി നേര്‍ക്കുനേര്‍ കൊമ്പു കോര്‍ത്തു. സാന്റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണപക്ഷത്തനെതിരെ കത്തിക്കയറി. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ പരസ്യ സംവാദവും വിഡിയുടെ ഗ്രാഫുയർത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശന്‍ തന്നെയാണ്. എന്നാൽ ഈ ഏറ്റുമുട്ടിലിനിടയിലും ഇരുവരും തങ്ങളും സൗഹൃദം കാത്തുസൂക്ഷിക്കുന്നതും പലതവണ കേരളം കണ്ടതാണ്.

മന്ത്രിയാകുമെന്ന് ഉറപ്പിച്ചു; പക്ഷെ......

2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോൾ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രി വി ഡി സതീശൻ ആയിരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, വി എസ് ശിവകുമാര്‍ വന്നതോടെ സതീശന് മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല. പകരം കോണ്‍ഗ്രസ് വിപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് അന്ന് ലഭിച്ചത്. 2014ല്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലില്‍ കെപിസിസി വൈസ് പ്രസിഡന്റായി.

മികച്ച സംഘാടകനും വാഗ്മിയും

വിദ്യാഭ്യാസകാലം തൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സതീശന്‍ മഹാത്മ ഗാന്ധി യൂണിവേഴ്സ്റ്റി യൂണിയന്‍ ചെയര്‍മാന്‍, എന്‍ എസ് യു സെക്രട്ടറി പദവികള്‍ വഹിച്ചു. മികച്ച സംഘാടകനും വാഗ്മിയുമാണ്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ.
Published by: Rajesh V
First published: May 22, 2021, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories