തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരായ വിമർശനത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. താനിട്ട പോസ്റ്റിന് ആദ്യം മറുപടി ഇട്ടത് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറാണ്. അത് മതിയാകില്ലെന്ന് തോന്നിയപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ രംഗപ്രവേശം ചെയ്തതെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.
"ഊരാളുങ്കൽ സൊസൈറ്റിക്ക് കൊമ്പുണ്ടോ"? എന്ന ഇന്നലെ ഞാനിട്ട fb പോസ്റ്റിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തിയിട്ടുണ്ട്. ആദ്യം മറുപടി ഇട്ടത് അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറാണ്. അത് മതിയാകില്ല എന്ന് തോന്നിയപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
( കൃത്യം 10 വർഷം മുൻപ് 2010 സെപ്റ്റംബറിൽ ലോട്ടറി വിവാദത്തിനായി അദ്ദഹം യുഡിഎഫി നെ വെല്ലുവിളിച്ചു. അദ്ദേഹവുമായി സംവാദത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി എന്നെ ചുമതലപ്പെടുത്തി. അന്ന് ഐസക്ക് പറഞ്ഞത് ഞാനുമായി സംവാദത്തിന് എന്റെ അഡീ.പി.എസ് ഗോപകുമാറിനെ അയയ്ക്കുമെന്നാണ്. അങ്ങ് പ്യൂണിനെ അയച്ചാലും ഞാൻ റെഡി എന്ന് പറഞ്ഞപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ അന്ന് ഹാജരായത്.)
കഴിഞ്ഞ ഒരു fb പോസ്റ്റിന് മറുപടി ഇട്ടപ്പോൾ ഞാൻ പറഞ്ഞത് ആ പോസ്റ്റ് ഐസക്കിട്ടതല്ല എന്നാണ്. എന്നാൽ ഈ മറുപടി അദ്ദേഹം തന്നെയാണ് എഴുതിയത് എന്നതിൽ എനിക്ക് സംശയമില്ല.
അദ്ദേഹം ഇട്ട പോസ്റ്റിലെ പ്രധാന വാദങ്ങൾ എന്തൊക്കെയാണ്?
1. ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സർക്കാരല്ല. അഡ്വാൻസിംഗ് റൂൾ അതോറിറ്റിയാണ്. വേണമെങ്കിൽ ജി എസ് ടി കൗൺസിലിന് പരാതി കൊടുക്കാം.
2. സംസ്ക്കാരിക പ്രവർത്തനം നടത്തിയതിനാണ് നികുതി ഒഴിവാക്കിയത്. ഈ നികുതി ബാധകമല്ല. വേണമെങ്കിൽ അവരുണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയി നോക്കൂ.!!
3. അവർ നടത്തുന്ന പ്രവർത്തനം pure service ആണ്. ഊരാളുങ്കൽ ഭയങ്കര സംഭവമാണ്. യു ഡി എഫ് കാലത്തും അവർക്ക് അനുകൂലമായ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്.
4. ഈ നികുതി കിട്ടിയാലും പകുതി കേന്ദ്രത്തിന് കൊടുക്കണം.
മറുപടി അങ്ങ് ശ്രദ്ധിച്ചു വായിക്കണം.
1. അഡ്വാൻസിംഗ് റൂൾ അതോറിറ്റി ഊരാളുങ്കലിന് നികുതി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ എടുത്ത നിലപാടെന്താണ്? അതോറിറ്റിയിലെ രണ്ടംഗങ്ങളിൽ ഒരാൾ സംസ്ഥാന ജി എസ് ടി യുടെ ജോയിന്റ് കമീഷണറല്ലേ? എന്നോട് അപ്പീൽ പോകാനാണ് മന്ത്രി ഉപദേശിക്കുന്നത്. സർക്കാരിനുണ്ടായ ധനനഷ്ടത്തിന് ഞാനാണോ അപ്പീൽ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാൻ ജനങ്ങൾ അങ്ങയെ അല്ലെ ഏൽപ്പിച്ചിരിക്കുന്നത്?
2. അവർ എന്ത് സംസ്ക്കാരിക പ്രവർത്തനമാണ് പ്രതിഫലമില്ലാതെ നടത്തിയത്. സർക്കാർ കൊടുത്ത പണമുപയോഗിച്ചല്ലേ അവർ ആ ജോലി ചെയ്തത്? ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇതെന്ത് pure service ആണ്. ?
ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി? ഇനിയും കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ വേറെയില്ലേ? പ്രതിഫലം നൽകാതെ ചെയ്യുന്നതിനാണ് സർവ്വീസ് എന്ന് പറയുന്നത്.
3. മന്ത്രിയുടെ പോസ്റ്റിൽ തന്നെ പറയുന്നുണ്ട് ഇത്തരം നികുതിയിളവ് നൽകേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമാണെന്ന്. ഭരണഘടനയുടെ 243 (G), (W) വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷനും അത് തന്നെയാണ് പറയുന്നത്. എന്ന് മുതലാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നിങ്ങൾ പഞ്ചായത്തിന്റെ യും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത്? (കേന്ദ്ര നോട്ടിഫിക്കേഷൻ എഴുതിയപ്പോൾ എന്റെ പോസ്റ്റിൽ വന്ന അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്.)
4. 2019 മാർച്ചിലെ ഉത്തരവ് വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ഇത് സൈറ്റിൽ കണ്ടത്. വൈകിയെങ്കിലും ഒരു അനീതിയും സ്വജന പക്ഷപാതവും അറിയുമ്പോൾ അത് ശ്രദ്ധയിൽ പെടുത്തെ ണ്ടെ? യു ഡി എഫ് കാലത്ത് ഊരാളുങ്കലിന് വഴിവിട്ട് വല്ലതും ചെയ്തിട്ടുണ്ടങ്കിൽ അതും അന്വേഷണ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം.
5. നികുതി ലഭിച്ചാലും സംസ്ഥാനത്തിന് പകുതിയെ കിട്ടുകയുള്ളൂ , പകുതി കേന്ദ്രത്തിന് പോകും എന്നാണ് അങ്ങ് പറയുന്നത്. ഒരു ധനമന്ത്രിയെന്ന നിലയിൽ അങ്ങേക്ക് പറയാൻ കൊള്ളാവുന്ന ഒരു കാര്യമാണോ ഇത്? ഏതോ വിദേശ രാജ്യത്തേക്ക് നികുതി പോകും എന്ന് പറയുന്ന പോലെ !! അങ്ങോടു പോകുന്ന നികുതിയും പല പദ്ധതികളായി സംസ്ഥാനത്തേക്ക് വരില്ലേ?
അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുത്. ആരു പറഞ്ഞാലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Dr T. M. Thomas Isaac, Uralungal Labour Contract Co-operative Society, V.D. Satheeshan