അനുമതിയോടെ പൊട്ടിച്ചപാറ മാറ്റുന്നതിന് 8000 രൂപ കൈക്കൂലി; എഎസ്ഐ വിജിലൻസ് പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
വീട് വെക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പാറപൊട്ടിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
കോട്ടയം: രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കൈക്കൂലിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകി പൊട്ടിച്ച പാറ മാറ്റുന്നതിനു വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങിയ ഉടൻ ആണ് വിജിലൻസ് അറസ്റ്റ്. കോട്ടയം രാമപുരം സ്വദേശിയായ ജസ്റ്റിൻ വീട് വെക്കുന്നതിനായി ആണ് പാറ പൊട്ടിച്ചത്.
വീട് വെക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പാറപൊട്ടിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയിരുന്നു. പാറ പൊട്ടിക്കുന്നതിന് അനുമതിയും ലഭിച്ചു. ഈ അനുമതി അനുസരിച്ചാണ് ജസ്റ്റിൻ സ്വന്തം പുരയിടത്തിലെ പാറ പൊട്ടിച്ചത്.
പൊട്ടിച്ച പാറ പുരയിടത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ജസ്റ്റിൻ രാമപുരം പോലീസിനെ സമീപിച്ചത്. അവിടെ മുതലാണ് അഴിമതി തുടങ്ങുന്നത്. ജസ്റ്റിൻ പോലീസ് സ്റ്റേഷനിൽ സമീപിച്ചതോടെ രാമപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 19നാണ് ആദ്യമായി ബിജു ജസ്റ്റിനിൽ നിന്നും പണം വാങ്ങുന്നത്. ആദ്യം 3000 രൂപയാണ് എ എസ് ഐ ബിജു പാറ മാറ്റുന്നതിനുള്ള കൈക്കൂലിയായി ജസ്റ്റിനോട് ചോദിച്ചത്. ഗത്യന്തരമില്ലാതെ വന്നതോടെ ജസ്റ്റിൻ ആവശ്യപ്പെട്ട മുഴുവൻ തുകയും എഎസ് ഐ ബിജുവിനെ കൈമാറുകയായിരുന്നു. പണം കിട്ടിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ബിജു ജസ്റ്റിനെ ഫോണിൽ വിളിച്ച് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് ജസ്റ്റിൻ വിജിലൻസിനെ വിവരം അറിയിക്കാൻ തീരുമാനിച്ചത്.
advertisement
വിജിലൻസ് കിഴക്കൻ മേഖല എസ് പി വിനോദ് കുമാറിനെ ആണ് ജസ്റ്റിൻ ഇതു സംബന്ധിച്ച വിവരം നൽകിയത്. ഇതോടെ വിജിലൻസ് സംഭവത്തിൽ ഇടപെടുകയായിരുന്നു. കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥ് നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് സമൂഹത്തിൽ നിർണായക നീക്കങ്ങൾ നടത്തിയത്.
ഇന്നു വൈകുന്നേരം 7 മണിയോടുകൂടി ആണ് എ എസ് ഐ ബിജുവിനെ വിജിലൻസ് പിടികൂടിയത്. ഇന്ന് വീണ്ടും പണം നൽകണമെന്ന് ആവശ്യപ്പെട്ടതോടെ വിജിലൻസ് തന്നെ നൽകിയ പണം ജസ്റ്റിൻ ബിജുവിന് കൈമാറുകയായിരുന്നു. രാമപുരം പോലീസ് സ്റ്റേഷന് സമീപം വച്ചാണ് രണ്ടാം ഗഡുവായി 5000 രൂപ ജസ്റ്റിൻ ബിജുവിന് കൈമാറിയത്. സംഭവം നടന്ന ഉടൻ തന്നെ വിജിലൻസ് സംഘം ബിജുവിനെ അറസ്റ്റ് ചെയ്തു.
advertisement
Also Read-പ്രസവത്തിനായി ഊരി വച്ച സ്വര്ണ്ണം കാണാതായി; അന്വേഷണം ആരംഭിച്ചപ്പോള് സംഭവത്തിന് നാടകീയ വഴിത്തിരിവ്
സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റെജി കുന്നിൻ പറമ്പിൽ, സജു എസ് ദാസ്, രാജേഷ് കെ എൻ, തുടങ്ങി ഉദ്യോഗസ്ഥരും പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കൈക്കൂലി സംഭവങ്ങൾ കൂടുന്ന വാർത്തയാണ് ഇതോടെ പുറത്തുവരുന്നത്.
advertisement
രണ്ടാഴ്ച മുൻപാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാർ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ജാമ്യം തരപ്പെടുത്തി കൊടുക്കുന്നതിനുവേണ്ടി ആണ് അനിൽകുമാർ അന്ന് കൈക്കൂലി വാങ്ങിയത്. കടുത്തുരുത്തി പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് അന്ന് അറസ്റ്റ് ഉണ്ടായത്.
നേരത്തെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ സിഐ കൈക്കൂലി കേസിൽ അകത്തായിരുന്നു. ബിജുവിനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. ജില്ലാ പോലീസ് മേധാവി കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 25, 2021 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനുമതിയോടെ പൊട്ടിച്ചപാറ മാറ്റുന്നതിന് 8000 രൂപ കൈക്കൂലി; എഎസ്ഐ വിജിലൻസ് പിടിയിൽ






