• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം തീപിടിത്തം പൊലീസ് പ്രത്യേക സംഘവും വിജിലൻസും അന്വേഷിക്കും: മുഖ്യമന്ത്രി നിയമസഭയിൽ

ബ്രഹ്മപുരം തീപിടിത്തം പൊലീസ് പ്രത്യേക സംഘവും വിജിലൻസും അന്വേഷിക്കും: മുഖ്യമന്ത്രി നിയമസഭയിൽ

നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കും

  • Share this:

    തിരുവനന്തപുരം: കൊച്ചി കോർപറേഷനിലെ ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്ലാന്‍റിന്‍റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    ബ്രഹ്‌മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    അന്വേഷണ വിഷയങ്ങൾ

    • തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?
    • ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?
    • ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?
    • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?
    • നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണ്?
    • വിന്‍ഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാന്‍ ഏര്‍പ്പെട്ട ഉടമ്പടിയില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവോ?
    • കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു? പ്രവൃത്തിയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിരുന്നോ ?
    • പ്രവൃത്തിയില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
    • കൊച്ചി കോര്‍പറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്‌കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?
    • നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
    • വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ ആരെല്ലാം?
    • മുന്‍കാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.
    • ബയോ റെമഡിയേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ പ്രകാരം കോര്‍പറേഷന്റെയും കരാറുകാരുടെയും ചുമതലകള്‍ അതത് കക്ഷികള്‍ എത്രത്തോളം പാലിച്ചിരുന്നു?
    • കൊച്ചി കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു?
    • കരാറുകാരുടെ പ്രവര്‍ത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു?
    • തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത്? ഇത് പരിഹരിക്കാനെടുത്ത നടപടികള്‍ എന്തെല്ലാം?
    • വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?

    തീ പൂർണമായി അണച്ചു

    ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍, എയര്‍ഫോഴ്‌സ്, ബി പി സി എല്‍, എച്ച് പി സി എല്‍, സിയാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും അണിചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- മുഖ്യമന്ത്രി പറഞ്ഞു.

    ബ്രഹ്മപുരത്തേത് അശാസ്ത്രീയ മാലിന്യ സംസ്കരണം

    ബ്രഹ്‌മപുരത്ത് വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തില്‍ കത്തിയതും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. തീയണക്കാനുള്ള വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാന്‍ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായി. തീയണക്കുന്നതിന് വിവിധ കോണുകളില്‍ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സര്‍ക്കാര്‍ നിരന്തരം തേടിക്കൊണ്ടിരുന്നു. ജനപ്രതിനിധികളും മറ്റും നല്‍കിയ നിര്‍ദേശങ്ങളുടെ പ്രായോഗികതയും സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായി. കൃത്രിമ മഴ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളില്‍ ചിലര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന രീതിയാണ് ബ്രഹ്‌മപുരത്ത് അവലംബിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയും വിദഗ്ദ്ധാഭിപ്രായം തേടി സര്‍ക്കാര്‍ സമീപിച്ച ന്യൂയോര്‍ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയും ബ്രഹ്‌മപുരത്ത് അവലംബിച്ച രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് അഭിപ്രായപ്പെട്ടത്.

    1335 പേർ ചികിത്സ തേടി

    1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ല.

    ആരോഗ്യ സർവേ

    തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സര്‍വേ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തും.

    Published by:Rajesh V
    First published: