Vizhinjam strike | വിഴിഞ്ഞം പോർട്ടിനെതിരായ സമരക്കാർ എട്ട് ഇടത്ത് റോഡ് ഉപരോധിച്ചു; 55 പേർക്ക് വിമാനയാത്ര മുടങ്ങി
- Published by:user_57
- news18-malayalam
Last Updated:
ആഭ്യന്തര വിമാനയാത്രക്കാരാണ് കൂടുതലും
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ (Vizhinjam International Seaport) നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ചും സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും പ്രതിഷേധക്കാർ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചു. 55 പേർക്കാണ് ഇതുമൂലം വിമാനയാത്ര നഷ്‌ടമായത്. മുന്നറിയിപ്പു കൊടുത്തിട്ടും, പോലീസ് മറ്റു മാർഗങ്ങൾ സ്വീകരിക്കാത്തതിനാലും യാത്രക്കാർ വലഞ്ഞു.
ആഭ്യന്തര വിമാനയാത്രക്കാരാണ് കൂടുതലും. ഇൻഡിഗോ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന 40 പേര്‍, വിസ്താര എയർലൈൻസിൽ പോകേണ്ട 11 പേർ, മസ്ക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ പോകാനിരുന്ന 3 പേർ, ശ്രീലങ്കയിലേക്ക് പോകേണ്ടിയിരുന്ന ഒരാൾക്കും യാത്ര മുടങ്ങി.
ഇനി ദീപാവലി സീസണിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ നൽകി യാത്ര ചെയ്യേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇവർ.
തുറമുഖ കവാടത്തിലെ സമരത്തെ സർക്കാർ ഗൗനിക്കുന്നില്ലെന്നും സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമരസമിതി ആരോപിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ ആറ്റിങ്ങൽ, കഴക്കൂട്ടം സ്റ്റേഷൻ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിലാണ് ഉപരോധം തീർത്തത്.
advertisement
രാവിലെ 11ന് പാളയത്ത് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉണ്ടായിരുന്നു.
ആഗസ്റ്റ് 16നാണ് സമരം ആരംഭിച്ചത്. അതിനിടെ, തുറമുഖ നിർമാണം എത്രയും വേഗം പുനഃരാരംഭിക്കേണ്ടതിനാൽ സർക്കാർ ഉടൻ അനുരഞ്ജന ചർച്ച നടത്തിയേക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണും.
കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പുമായി നടത്തിയ ചർച്ചയിൽ സമരം ഉടൻ പരിഹരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉറപ്പ് നൽകിയിരുന്നു.
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം സർക്കാർ പിടിവാശി കാട്ടുന്നുവെന്നും, സമരം കൂടുതൽ ശക്തമാക്കുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സർക്കുലർ വിമർശിച്ചു.
advertisement
സർക്കാരിന് ഏകപക്ഷീയമായ നിലപാടാണ് ഉള്ളതെന്നും സമര സമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും, അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച വായിച്ച സർക്കുലറിൽ പറയുന്നു. തിങ്കളാഴ്ചത്തെ പ്രതിഷേധങ്ങൾ വിജയിപ്പിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും സർക്കുലറിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
തുറമുഖ കവാടത്തിൽ സമരം ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
തുറമുഖ നിർമാണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മീഷനുമായി സഹകരിക്കാനും സർക്കുലറിൽ നിർദേശമുണ്ട്.
advertisement
Summary: A blockade at eight major points in Thiruvananthapuram city caused by Vizhinjam protestors has disrupted normal life. 55 people could not carry out flight journey scheduled for the day. Most of them are domestic travellers
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2022 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vizhinjam strike | വിഴിഞ്ഞം പോർട്ടിനെതിരായ സമരക്കാർ എട്ട് ഇടത്ത് റോഡ് ഉപരോധിച്ചു; 55 പേർക്ക് വിമാനയാത്ര മുടങ്ങി