സ്വരാജോ ഷെറോണ റോയിയോ ഷെബീറോ? 19 കൊല്ലത്തിനു ശേഷം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ സ്ഥാനാർത്ഥി വരുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
പി വി അൻവറിന്റെ ആൾബലത്തിലും പണക്കൊഴുപ്പിലുമാണ് കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് ജയിച്ചതെന്ന ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാൻ രാഷ്ട്രീയ പോരിന് തന്നെ സിപിഎം കച്ചമുറുക്കുന്നുവെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിക്കാൻ ഒരു സിപിഎം സ്ഥാനാർത്ഥി വരുമോ? അത് മലപ്പുറം ജില്ലാ രൂപീകരണശേഷം ഒരിക്കൽ മാത്രമാണ് അങ്ങനെ ഉണ്ടായത്.ജില്ല വരുന്നതിന് മുമ്പ് 1967ൽ കെ കുഞ്ഞാലിയാണ് സിപിഎം ചിഹ്നത്തിൽ മത്സരിച്ച അവസാന സ്ഥാനാർത്ഥി. ജില്ല വന്ന ശേഷം 2006 ൽ ആര്യാടൻ മുഹമ്മദിനോട് പരാജയപ്പെട്ട പി ശ്രീ രാമകൃഷ്‌ണൻ മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അവസാന സിപിഎം സ്ഥാനാർഥി. അത് കഴിഞ്ഞ് 19 കൊല്ലമായി.
പി വി അൻവറിന്റെ ആൾബലത്തിലും പണക്കൊഴുപ്പിലുമാണ് കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് ജയിച്ചതെന്ന ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാൻ രാഷ്ട്രീയ പോരിന് തന്നെ സിപിഎം കച്ചമുറുക്കുന്നുവെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജിന്റെ പേരിനുതന്നെയാകും പ്രഥമ പരിഗണന. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചതായാണ് സൂചന. എന്നാൽ അത് സ്വരാജ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാല്‍ മാത്രമാകും. അല്ലെങ്കിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വഴിക്കടവ് ഡിവിഷൻ അംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ നേതാവ് പി ഷബീർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
advertisement
പൊതുസ്വതന്ത്രര്‍ മതിയെന്ന തീരുമാനവുമായി മുന്നോട്ടുപോയാൽ മാത്രം മറ്റുപേരുകള്‍ പരിഗണിക്കും. മുന്‍ രാജ്യാന്തര ഫുട്‌ബോളറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി, മുൻ കോൺഗ്രസ് നേതാവ് എം തോമസ് മാത്യു, മുസ്ലിം ലീഗ് കുടുംബത്തിൽ നിന്ന് ഒരു നേതാവ് എന്നിവരുടെ പേരുകളാണ് മുൻഗണന. നിലവിലെ സാഹചര്യത്തിൽ പാലക്കാട് മോഡലിൽ കോൺഗ്രസിൽ നിന്ന് ആരെങ്കിലും വന്ന് സർപ്രൈസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത കുറവാണ്. എന്നാൽ സകല സാധ്യതകളും സിപിഎം പരിഗണിക്കുന്നുണ്ട്.
ഇതും വായിക്കുക: പിതാവിന്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂരിൽ യുഡിഎഫ് പ്രചാരണത്തിന് തുടക്കം
യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇടഞ്ഞുനില്‍ക്കുന്ന പി വി അൻവറിന്റെ നിലപാടും സിപിഎം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അൻവറിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കാതെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷവും വിലപേശൽ തന്ത്രവുമായി അൻവർ സമ്മർദം തുടരുകയാണ്. തൃണമൂലിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് അൻവർ ഉന്നയിക്കുന്നത്. രണ്ട് ദിവസത്തെ സമയം അനുവദിച്ചാണ് അൻവറിന്റെ കളികൾ. കോൺഗ്രസ് വഴങ്ങിയില്ലെങ്കിൽ മത്സരിക്കുമെന്ന ഭീഷണിയും അൻവർ ഉയർത്തുന്നുണ്ട്. പഴയ സന്തതസഹചാരിയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞശേഷം മതി സ്ഥാനാർത്ഥി സംബന്ധിച്ച അന്തിമതീരുമാനമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
advertisement
മറുവശത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് വാക്ക് പാലിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫും. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അധികം വൈകാതെ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പ്രഖ്യാപനം വെള്ളിയാഴ്ച്ച ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ യുഡിഎഫില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍കൂടി മുതലെടുക്കാന്‍ തക്ക സ്ഥാനാര്‍ത്ഥി വേണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതീക്ഷിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത് ചെറിയ നിരാശ സമ്മാനിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചാണ് പി വി അന്‍വര്‍ മുന്നണി വിട്ടതെന്നതിനാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരിലേത് സിപിഎമ്മിന് അഭിമാനപ്രശ്നമാണ്. പരാജയപ്പെട്ടാല്‍ അന്‍വറിന്റെ നിലപാടിനെ വോട്ടർമാർ അംഗീകരിച്ചുവെന്നും അൻവറിന്റെ സ്വീകാര്യത മണ്ഡലത്തില്‍ കുറഞ്ഞിട്ടില്ലെന്നും വ്യാഖ്യാനമുണ്ടായേക്കാമെന്ന് സിപിഎം ഭയപ്പെടുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വരാജോ ഷെറോണ റോയിയോ ഷെബീറോ? 19 കൊല്ലത്തിനു ശേഷം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ സ്ഥാനാർത്ഥി വരുമോ?