കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല
Last Updated:
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഇത്തവണ ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ല.
#ജോയ്‍സ് ജോയ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പ്രതീക്ഷയുമില്ലാതെയാണ് ആം ആദ്മി പാർട്ടി കളത്തിലിറങ്ങിയത്. എന്നിട്ടും ആ തെരഞ്ഞെടുപ്പിൽ 2, 56, 662 വോട്ടുകളാണ് ആം ആദ്മി പാർട്ടി നേടിയത്. എറണാകുളത്ത് മാത്രം എ എ പിയുടെ സ്ഥാനാർഥിയായിരുന്ന അനിതാ പ്രതാപ് 50,000 ത്തിനു മുകളിൽ വോട്ട് പിടിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 45,000ത്തിനടുത്ത് വോട്ടുകളാണ് സാറ ജോസഫ് പിടിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കെ.പി ധനപാലന്‍റെ പരാജയം ഉറപ്പിക്കാൻ സാറ ജോസഫ് പിടിച്ച ഈ വോട്ടുകൾക്ക് കഴിയുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഇത്തവണ ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ല.
advertisement
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും മത്സരിച്ച AAP ഇത്തവണ കേരളത്തിൽ ഒരു മണ്ഡലത്തിൽ പോലും മത്സിക്കുന്നില്ല. ഒരു സീറ്റിലെങ്കിലും മത്സരിക്കാൻ കേന്ദ്രനേതൃത്വം നൽകിയ നിർദ്ദേശം അനുസരിച്ച് AAP സംസ്ഥാനനേതൃത്വം മത്സരിക്കാൻ ആലോചിച്ചത് വയനാട് മണ്ഡലമായിരുന്നു. രാഹുൽ ഗാന്ധി വന്നതോടെ വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള ആലോചനയും AAP ഉപേക്ഷിച്ചു.
ഇതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനമെടുത്തു. ഡൽഹിയിലെന്നല്ല ആം ആദ്മി പാർട്ടി മത്സരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലും ഇനി ചർച്ചയ്ക്ക് സാധ്യതയില്ല. അതായത് അവിടെയും കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി ഒരു സഖ്യത്തിന് തയ്യാറല്ലെന്ന് അർത്ഥം.
advertisement

ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി ഉത്തർപ്രദേശിലും ബിഹാറിലും മൂന്നുവീതം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ ഈ തെരഞ്ഞെടുപ്പിൽ വെച്ചത് ആം ആദ്മി പാർട്ടിയാണ്. അതുപോലെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാനിലും ആം ആദ്മി പാർട്ടി ഒരു സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
കഴിഞ്ഞതവണത്തെ പോലെ ഇത്തവണ രാജ്യത്ത് വ്യാപകമായി ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തുന്നില്ല. ബി.ജെ.പിയാണ് പൊതുശത്രുവെന്നതും അതുകൊണ്ടു തന്നെ ബി.ജെ.പിക്കെതിരായ വോട്ട് ഡിവൈഡ് ചെയ്യപ്പെടേണ്ട എന്നതു കൊണ്ടുമാണ് ഇത്തരമൊരു തീരുമാനം പാർട്ടി കൈക്കൊണ്ടതെന്ന് AAP കേരളഘടകം സംസ്ഥാന സെക്രട്ടറി തുഫൈൽ പി.ടി പറഞ്ഞു. കോൺഗ്രസിന്‍റെ അഴിമതിക്കെതിരെ വന്ന പാർട്ടിയാണെങ്കിലും ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ രീതിയിലാണ് മോദി - അമിത് ഷാ - ബിജെപി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും പൊളിച്ചടുക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രവർത്തനം. അതിന്‍റെ ഏറ്റവും വലിയ ഇരകളായിരുന്നു ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളിന്‍റെ ഡൽഹിയിലെ സർക്കാരും. അതുകൊണ്ടു തന്നെ ബി.ജെ.പിയെന്ന പൊതുശത്രുവിനെതിരെ മത്സരിക്കുമ്പോൾ വോട്ട് ഡിവൈഡ് ചെയ്യപ്പെടാതിരിക്കേണ്ടത് ആവശ്യവുമാണ് - തുഫൈൽ പറഞ്ഞു.
advertisement

ഈ തെരഞ്ഞെടുപ്പിൽ AAP പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം
ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്നത് ആർക്കാണോ അവർക്ക് വോട്ട് ചെയ്യുകയെന്നാണ് ഈ തെരഞ്ഞെടുപ്പിൽ AAP പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തർപ്രദേശിലത് എസ്.പി - ബി.എസ്.പി സഖ്യമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും അത് കോൺഗ്രസ് ആണ്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ്. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചിരിക്കുന്ന നയം.
advertisement
കേരളത്തിൽ AAP തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയോ ?
കേരളത്തിൽ ശക്തമായ രണ്ടു മുന്നണികൾ ഉള്ളപ്പോൾ അതിനിടയിൽ വന്ന് മത്സരിക്കേണ്ട എന്ന ചിന്തയുണ്ടാകാം ആം ആദ്മി പാർട്ടിക്ക്. ഏതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം സഖ്യം വരികയാണെങ്കിൽ കേരളത്തിൽ അവർക്കെതിരെ മത്സരിക്കുന്നതിൽ ഒരു ശരികേടുണ്ട്. കേന്ദ്രത്തിൽ ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ സഖ്യം വരുമെന്നാണ് എല്ലാ പ്രതിപക്ഷ കക്ഷികളും പ്രതീക്ഷിക്കുന്നത്. ആപും ആ പ്രതീക്ഷയിൽ തന്നെയാണുളളത്. അങ്ങനെയൊരു സമയത്ത് പ്രതിപക്ഷ ഐക്യത്തിന്‍റെ ഒപ്പം നിൽക്കാനുള്ളതാണ്. നിലവിലെ സാഹചര്യത്തിൽ ചിലപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് രഹിത ബി.ജെ.പി രഹിത സർക്കാരിനും സാധ്യതയുണ്ട്, മൂന്നാം മുന്നണി പോലെ. ഡൽഹിൽ ലെഫ്റ്റനന്റെ ഗവർണറുടെ ഇടപെടൽ പ്രശ്നമുണ്ടായ സമയത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം കെജ്രിവാളിനെ പോയി കണ്ടിരുന്നു. അതികാണ്ടു തന്നെ ഇടതുമുന്നണിക്കെതിരെയും മത്സരിക്കുന്നതിൽ ശരികേടുണ്ടെന്ന് AAP വിശ്വസിക്കുന്നുണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2019 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല


