'അല്‍പവസ്ത്രം ധരിച്ച് ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് തുള്ളൽ '; സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ വിസ്ഡം മുജാഹിദ് നേതാവ്

Last Updated:

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് പറയുന്നു

ടി കെ അഷ്റഫ്
ടി കെ അഷ്റഫ്
കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് പറയുന്നു. ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അദ്ദേഹം പറയുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ലഘുവ്യായാമവും സൂംബ ഡാന്‍സും സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ടി കെ അഷ്‌റഫിന്റെ കുറിപ്പ്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികള്‍ക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ നിലപാടെടുത്തിരുന്നു.
advertisement
കുറിപ്പിന്റെ പൂർ‌ണരൂപം
വിട്ടുനിൽക്കുന്നു. ഏതു നടപടിയും നേരിടാൻ തയ്യാറാണ്.
ലഹരിക്കെതിരെ നിർബന്ധമായി സ്കൂളിൽ സൂംബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് ഞാൻ വിട്ട് നിൽക്കുന്നു.
എൻ്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. ഈ വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്.
ഞാൻ പൊതു വിദ്യാലയത്തിലേക്ക് എൻ്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്.
advertisement
ഈ വിഷയത്തിൽ എൻ്റെ നിലപാട് ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഒരിക്കൽ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.
സൂംബാ ഡാൻസ്
സ്കൂളിലെത്തുമ്പോൾ?
പുതിയ അധ്യയന വർഷം മുതൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ സൂംബാ ഡാൻസ് ചെയ്യണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായി വാർത്ത കണ്ടു. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മൂന്ന് മിനിറ്റ് നേരവും ക്ലാസിലിരിക്കുന്നതിന്റെ പിരിമുറുക്കം ഇല്ലാതാവാൻ ഇടവേളകളിലുമാണ് ഡാൻസുണ്ടാവുക എന്ന് പറയപ്പെടുന്നു. കൗമാരക്കാർ ലഹരിക്ക് അടിമപ്പെടുന്നതിന് മാനസിക സമ്മർദ്ദം കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഇത് നിർദ്ദേശിച്ചതത്രെ.
advertisement
വെക്കേഷനിൽ അധ്യാപകർക്ക് ഇതിൻ്റെ ട്രൈനിംഗും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധികം ആലോചിക്കാതെ നൽകിയ ഒരു നിർദ്ദേശമാണിതെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട് കാര്യങ്ങൾ പ്രാഥമികമായി നാം മനസിലാക്കണം. ലഹരിയടക്കം പുതുതലമുറ അനുഭവിക്കുന്നു എന്ന് പറയുന്ന പ്രശ്നങ്ങളുടെ അളവിൽ വലിയ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ന് നാം കാണുന്ന പ്രശ്നങ്ങൾ ശാസ്ത്രീയമായും സാമൂഹികമായും പഠന മനനങ്ങൾക്ക് മുൻകാലത്ത് തന്നെ വിധേയമായിട്ടുണ്ട്. അതോടൊപ്പം, നാം നിർദേശിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അതിൻ്റെ കാരണങ്ങളെ (Root Cause)യാണ് അഡ്രസ്സ് ചെയ്യേണ്ടത്. ഇവിടെയാണ്, ഒട്ടും ആഴങ്ങളിലേക്കിറങ്ങാത്ത ഇത്തരം പ്രഹസനങ്ങൾ നാം ചർച്ച ചെയ്യേണ്ടത്.
advertisement
ഒരു ഭാഗത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ സകല സീമകളും ലംഘിച്ച് ഡിജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുക. താമരശ്ശേരിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മരണവും, കുസാറ്റ് കൊച്ചിൻ ക്യാമ്പസിൽ ഉണ്ടായ നിശാ പാർട്ടിയിലെ അപകടവും കാതടപ്പിക്കുന്ന മ്യൂസിക്കിൻ്റെ ആരവത്തിൽ നിറഞ്ഞാടാൻ മുൻകാലത്തെ അപേക്ഷിച്ച് പുതുതലമുറ അനവധി അവസരങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതിനെയാണ് വ്യക്തമാക്കുന്നത്.
കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളുടെ കാരണം ഉല്ലാസങ്ങളുടെ കുറവല്ല, മറിച്ച് ഇത്തരം തെറ്റായ, ക്രിയാത്മകമല്ലാത്ത, നൈമിഷികമായ സന്തോഷം (Instant Gratification) മാത്രം നൽകുന്ന കാര്യങ്ങളിലുണ്ടാവുന്ന അഡിക്ഷൻ തന്നെയാണ്. അതോടൊപ്പം വ്യക്തി ബന്ധങ്ങളിലും സംസാരങ്ങളിലുമുണ്ടായിട്ടുള്ള വിടവും ഇതിന് കാരണമാവുന്നു. ഇതിനെ അഡ്രസ്സ് ചെയ്യാൻ, ലോകത്ത് ഇത് വരെ ഒരു രാജ്യവും ഒരു മേഖലയിലും പ്രായോഗികമായി നടത്തിയിട്ടില്ലാത്ത, യു.എൻ ഡ്രഗ്സ് & ക്രൈംസ് അന്താരാഷ്ട്ര തലത്തിൽ തന്നെ പരിഹാര മാനദണ്ഡങ്ങൾ പുറത്തു വിട്ടപ്പോൾ പോലും പരിഗണിക്കാത്ത ഒരു രീതി കൊണ്ടുവരുന്നത് അത്യന്തം പ്രഹസനമാണ്.
advertisement
1990 നൊടുവിലാണ് സൂംബാ ഡാൻസ് എന്ന ഒരു രീതി വരുന്നതും 2001ൽ ഇത് വ്യാപകമാവുന്നതും. ഇതിനുശേഷമാണ് ലോകത്ത് രാസലഹരിയും വ്യാപകമായതെന്ന കാര്യവും നാം ചേർത്ത് ചിന്തിക്കണം. ലോകത്ത് എവിടെയും ലഹരിയിലേക്ക് പോകാതിരിക്കാൻ ഡാൻസ് പ്രൊമോട്ട് ചെയ്യുന്നത് നമുക്ക് കാണാനാവില്ല.
വിദ്യാലയങ്ങളിലും മറ്റും ശാന്തമായി നടന്നിരുന്ന പല ആഘോഷ പരിപാടികളും ആൺ-പെൺ കൂടിക്കലരലുകളും, പരിസരം മറന്ന് തിമിർത്താടാനുള്ള ഇടങ്ങളുമായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. ഇൻസ്റ്റാഗ്രാം റീൽസും ഷോർട്‌സും കണ്ട് വിവാഹ ആഘോഷങ്ങൾ, സെൻ്റോഫുകൾ, ടൂറുകൾ, വാർഷികങ്ങൾ... തുടങ്ങി എല്ലാ പരിപാടികളിലും ഇത്തരത്തിൽ കാതടപ്പിക്കുന്ന സംഗീതത്തോടൊപ്പമുള്ള ഡാൻസിനെയും ഉൾചേർക്കുന്ന പ്രവണതയും പുതുതലമുറയിൽ കാണാം. പലപ്പോഴും ഇവയെല്ലാം ഒടുവിൽ എത്തിച്ചേരുന്ന ചെറുതും വലുതുമായ ഡി.ജെ പാർട്ടികൾ ലഹരിയുടെ പ്രാഥമിക സ്രോതസ്സുകളായി മാറുന്നതിനിടയിലാണ് ഇത്തരം വിചിത്രമായ പ്രതിരോധ മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരുന്നത്.
advertisement
ഇതിലൂടെ കൗമാരക്കാരുടെ പിരിമുറുക്കം കുറയുകയല്ല വർദ്ധിക്കുകയാണ് ചെയ്യുക. എങ്ങനെയാണോ ഒരുഭാഗത്ത് സർക്കാർ തന്നെ നൈറ്റ്‌ലൈഫും മറ്റും പ്രോത്സാഹിപ്പിച്ച്, മറുവശത്ത് അവിടെ ഉണ്ടാവുന്ന അടിപിടിയും ലഹരി റാക്കറ്റും പെൺവാണിഭങ്ങളും പിടിക്കുന്നത്, അത് പോലെ ദീർഘവീക്ഷണമോ പഠനമോ നടത്താതെയുള്ള നിർദേശങ്ങളാണ് ഇവ.
കുട്ടികളുടെ മാനസിക- ശാരീരിക- ആരോഗ്യം മെച്ചപ്പെടുത്തലും അധ്യാപക വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലുമാണ് സൂംബാ ഡാൻസിൻ്റെ ലക്ഷ്യമെങ്കിൽ, അതിന് സ്കൂളുകളിൽ നിലവിലുള്ള കലാകായിക വിദ്യാഭ്യാസവും അതിൻ്റെ ഭാഗമായുള്ള ഡ്രില്ലുകളും എക്സർസൈസുകളും മാസ്സ് പി.ഇ.ടിയും കാര്യക്ഷമമാക്കിയാൽ മതിയാകുമല്ലോ.
സർക്കാരാകട്ടെ, ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളും ഉള്ള ആരോഗ്യ- കായിക വിദ്യാഭ്യാസം പഠിപ്പിക്കാൻ 86% UPSലും 45% HSലും 10% LP, HSS, VHSE ലും കായികാധ്യാപകന്മാരെ ഇപ്പോഴും നിയമിച്ചിട്ടില്ലെന്ന കാര്യം നാം മനസിലാക്കണം! കലാകായിക വിദ്യാഭ്യാസവും അതിൻ്റെ പരീക്ഷകളും മൂല്യനിർണയവും അധ്യാപകർക്കിടയിൽ പരസ്പരം തട്ടിക്കളിക്കുന്ന ഒരു അനാഥക്കുട്ടിയെ പോലെയാണ് ഇന്നുള്ളത്. ഇക്കാര്യത്തിലെല്ലാം ഇടപെട്ട് ശരിയായ പരിഹാരം ഉണ്ടാക്കുന്നതിനു പകരം കേവലം പൊടിക്കൈകൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല.
മാത്രവുമല്ല; ഡിസിപ്ലിൻ ഇപ്പോൾതന്നെ സ്കൂളുകളിൽ ഒരു വലിയ പ്രശ്നമാണ്. ഡാൻസ് കൂടി വരുന്നതോടെ ഏത് സമയവും അതിൻ്റെ പ്രാക്ടീസും മൊബൈൽ ഫോൺ കൊണ്ടുവന്ന് വിവിധ നൃത്തങ്ങൾ അനുകരിച്ച് അഭ്യസിക്കലുമാകും പ്രധാന പരിപാടി. ഡാൻസ് ചെയ്യാൻ അവസരം കാത്തിരിക്കുന്ന ന്യൂജനറേഷൻ അധ്യാപകരിൽ ഒരു വിഭാഗം ഗവൺമെന്റിന്റെ ഈ നിർദ്ദേശത്തെ ആവേശപൂർവ്വം സ്വീകരിച്ചേക്കാമെങ്കിലും, തന്റെ മേനിയഴകും കായികാഭ്യാസവും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം അധ്യാപകരും അതുപോലെയുള്ള വീട്ടിൽ നിന്ന് വരുന്ന കുട്ടികളും ഇതിൻ്റെ പേരിലായിരിക്കും ഇനി മാനസിക സംഘർഷത്തിലേക്ക് തള്ളിവിടപ്പെടുക.
ലഹരി വ്യാപനത്തിൻ്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ കൂടുതലകറ്റാൻ കാരണമാകുന്ന നടപടിയാണ് ഇതിലൂടെ സംഭവിക്കുക. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം നടത്തണമെന്നും ഇതിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠനവിധേയമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അല്‍പവസ്ത്രം ധരിച്ച് ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് തുള്ളൽ '; സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ വിസ്ഡം മുജാഹിദ് നേതാവ്
Next Article
advertisement
Agni-Prime Missile: ട്രെയിനിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം; പാകിസ്ഥാനും ചൈനയും ദൂരപരിധിക്കുള്ളില്‍
ട്രെയിനിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം; പാകിസ്ഥാനും ചൈനയും ദൂരപരിധിക്കുള്ളില്‍
  • അഗ്നി പ്രൈം മിസൈല്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ്, പാകിസ്ഥാനും ചൈനയും ദൂരപരിധിക്കുള്ളില്‍.

  • റെയില്‍ പാളത്തിലൂടെ ചലിക്കുന്ന ലോഞ്ചറിൽനിന്ന് അഗ്നി പ്രൈം മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു.

  • ഇന്ത്യ, കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.

View All
advertisement