ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക്ക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക്ക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
advertisement
ഇതിനിടെ, ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 19, 2026 8:57 PM IST







