• HOME
 • »
 • NEWS
 • »
 • kerala
 • »
 • എംടിക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ വായിച്ചതുകൊണ്ടാണ് ; ബെന്യാമിന്‍

എംടിക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ വായിച്ചതുകൊണ്ടാണ് ; ബെന്യാമിന്‍

വായനയെ നിശ്ചലമാക്കുന്ന ഘടകമെന്താണ് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് യുവതലമുറ എഴുത്തുകാരുടെ ഭാഷയെക്കുറിച്ച് എംടി വിമര്‍ശിച്ചത്

 • Last Updated :
 • Share this:
  പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ച് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. ഞായറാഴ്ച മാതൃഭൂമി ദിനപ്പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് എംടി വാസുദേവൻ നായർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. വായനയെ നിശ്ചലമാക്കുന്ന ഘടകമെന്താണ് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് യുവതലമുറ എഴുത്തുകാരുടെ ഭാഷയെക്കുറിച്ച് എംടി വിമര്‍ശിച്ചത്. 'ഭാഷകൊണ്ട് വായനക്കാരെ അടുപ്പിക്കണം, ഇപ്പോൾ അകറ്റുന്ന രീതിയാണ് കാണുന്നത്.' എന്നായിരുന്നു എംടിയുടെ പ്രസ്താവന.

  എംടിയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി യുവഎഴുത്തുകാരിയും ക്രൈം നോവലിസ്റ്റുമായ ശ്രീപാര്‍വ്വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എംടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ശ്രീപാര്‍വ്വതിയുടെ കുറിപ്പിന് താഴെ കമന്‍റു ചെയ്തു.

   Also Read- പുതിയ മലയാള എഴുത്തുകാരുടെ ഭാഷ വായനയില്‍ നിന്ന് അകറ്റുന്നുണ്ടോ?

  വിഷയത്തില്‍ എഴുത്തുകാരന്‍ ബെന്യാമിനും തന്‍റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തി. എംടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ്. ഓരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തിൽ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീർഘാകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നൽകാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് മലയാളി, ഇംഗ്ലീഷ്, പുതിയത്, പഴയത്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യാസം ഒന്നുമില്ല എന്ന് ബെന്യാമിന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

   Also Read- ‘സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും, സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്’; ടി പത്മനാഭൻ

  'ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകാണാതായിപ്പോയ യുവ എഴുത്തുകാർ ആ മനുഷ്യന് കൊടുക്കണം'- ബെന്യാമിന്‍ പറഞ്ഞു.

  ബെന്യാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം..
  എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചർച്ച.

  വായനയിലെ ആസ്വാദനത്തെ സംബന്ധിച്ച് എം. കൃഷ്ണൻ നായർ ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ പൂപാത്രത്തിൽ ഇരിക്കുന്ന പൂവ് കണ്ടിട്ട് ഒരാൾ തനിക്ക് അത് അത്ര ഇഷ്ടം ആയില്ല എന്നുപറഞ്ഞാൽ അയാൾ അതിനേക്കാൾ മനോഹരങ്ങളായ പൂക്കൾ കണ്ടിട്ടുണ്ട് എന്ന് അർത്ഥം എന്ന്. അതുപോലെ തന്നെയാണ് വായനയും.


  ഓരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തിൽ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീർഘാകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നൽകാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് മലയാളി, ഇംഗ്ലീഷ്, പുതിയത്, പഴയത്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യാസം ഒന്നുമില്ല. വായനക്കാരന് മുന്നിൽ പുസ്തകം മാത്രമേയുള്ളു. അങ്ങനെ ഒരു വായനക്കാരൻ താൻ അതുവരെ വായിച്ചതിന്റെ മുകളിൽ ഒന്ന് പ്രതീക്ഷിക്കുക തന്നെ ചെയ്യും. ഇനി അതുക്കും മേലെ, അതുക്കും മേലെ എന്നൊരു പ്രതീക്ഷ അയാൾ ഓരോ കൃതിയോടും വച്ചുപുലർത്തും. നിരന്തര വായന ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയാണത്. അതിനെ മറികടക്കാൻ കെൽപ്പ് ഇല്ലാത്ത രചനകൾ ആരെയും തൃപ്തിപ്പെടുത്തില്ല.

  ഈ ഒരു കാര്യം മനസിലാക്കിയാൽ എം. ടി. പറഞ്ഞതിന്റെ അർത്ഥം നമ്മുക്ക് വേഗം പിടി കിട്ടും. മലയാളത്തിലെ ഏതാണ്ട് എല്ലാ വായനക്കാർക്കും പലവിധത്തിൽ ലോകസാഹിത്യത്തോട് നല്ല ബന്ധം ഉണ്ട്. അത്തരത്തിൽ വായന ശീലിച്ച ഒരു സാമൂഹത്തിലേക്കാണ് നമ്മൾ നമ്മുടെ പുസ്തകവുമായി കടന്നു ചെല്ലുന്നത് എന്നൊരു ബോധം എഴുത്തുകാർക്ക് ഉണ്ടാവേണ്ടതുണ്ട്.   അല്ലാതെ എന്നെ മനസിലാക്കാൻ കഴിയാത്ത വിധം അയാൾ പഴഞ്ചൻ ആയിപ്പോയി എന്ന അഹങ്കാരം അല്ല. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകാണാതായിപ്പോയ യുവ എഴുത്തുകാർ ആ മനുഷ്യന് കൊടുക്കണം.


  നൊബേൽ സമ്മാന ജേതാവ് റൊമയ്ൻ റോളണ്ട് പറഞ്ഞത് : 'യുവാക്കളെ ഇന്നിന്റെ യുവാക്കളെ, നിങ്ങൾ ഞങ്ങളുടെ മുകളിലൂടെ നടക്കു, ഞങ്ങളെക്കാൾ മഹത്തുക്കൾ ആണെന്ന് തെളിയിക്കു ' എന്നാണ്. അതിനു പുലഭ്യം പറച്ചിൽ കൊണ്ട് സാധ്യമാവുകയില്ല. മികച്ച രചനകൾ ലോകത്തിനു സമ്മാനിക്കാൻ ശ്രമിക്കൂ.  Published by:Arun krishna
  First published: