ഫേസ്ബുക്കിൽ അപവാദ പ്രചാരണം നടത്തിയ കോളേജ് പ്രൊഫസർ 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത സൈക്കോളജിസ്റ്റെന്ന രീതിയിൽ ഫേസബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്
കൊച്ചി: ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന കേസിൽ പരാതിക്കാരന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും 6 ശതമാനം പലിശയും മുഴുവൻ കോടതി ചെലവുകളും നൽകാൻ ഉത്തരവ്. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് മുരിങ്ങയിൽ വീട്ടിൽ പ്രസാദ് എം കെ എന്ന പ്രസാദ് അമോർ നൽകിയ മാനനഷ്ട കേസിലാണ് പ്രതിയായ കോട്ടയം വേവടയിൽ വേഴാവശേരി വീട്ടിൽ ഷെറിൻ വി ജോർജിനോട് നഷ്ടപരിഹാരം നൽകാൻ തൃശൂർ ഒന്നാം അഡിഷണൽ സബ് ജഡ്‌ജി വിധിച്ചത്.
ലൈസൻസ്ഡ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ജോലി ചെയ്യുന്ന പരാതിക്കാരൻ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും ലണ്ടനിലെ എൻസിഎഫ്സിയിൽ നിന്ന് ഡിപ്ലോമയും റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത സൈക്കോളജിസ്റ്റെന്ന രീതിയിൽ കോഴിക്കോട്ടെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഷെറിൻ വി. ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രചരിപ്പിച്ചെന്നാണ് പരാതി. ഇതുമൂലം അപകീർത്തിയും മാനഹാനിയും തൊഴിൽ സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഹർജിക്കാരനുണ്ടായ മാനനഷ്ടത്തിനും അപകീർത്തിക്കും മറ്റുമായി 10 ലക്ഷം രൂപ പ്രതി നഷ്ടപരിഹാരമായി നൽകണം. ഹർജി ഫയൽ ചെയ്ത് തീയതി മുതൽ നഷ്ടപരിഹാരം നൽകുംവരെ 6 ശതമാനം പലിശ നൽകണം. മുഴുവൻ കോടതി ചെലവുകളും പ്രതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ ഹാജരായി.
Location :
Thrissur,Thrissur,Kerala
First Published :
December 13, 2023 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഫേസ്ബുക്കിൽ അപവാദ പ്രചാരണം നടത്തിയ കോളേജ് പ്രൊഫസർ 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി