അഭിഭാഷകനായി 73 വർഷവും 60 ദിവസവും; അഡ്വ. പി.ബി മേനോന് ഗിന്നസ് റെക്കോർഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
കോടതിമുറികളോടുള്ള ഇഷ്ടം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ചെറുപ്പമാണ് 98കാരനായ അഡ്വ. പി ബി മേനോൻ
പാലക്കാട്: ഏറ്റവുമധികം കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് ഇനി പാലക്കാട്ടെ അഡ്വ. പി ബി മേനോന് സ്വന്തം. ഇപ്പോൾ 98 വയസുള്ള പി ബി മോനോൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് 73 വർഷവും 60 ദിവസവുമായതോടെയാണ് റെക്കോർഡ് നേട്ടത്തിലെത്തിയത്.
എന്നത്തെയും പോലെ കഴിഞ്ഞ ദിവസവും അദ്ദേഹം കോടതിയിൽ എത്തിയിരുന്നു. കോടതികളോടുള്ള ഇഷ്ടം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ വളരെ ചെറുപ്പമാണ് അഡ്വ. പി ബി മേനോൻ. സംസ്ഥാനത്തെ നീതിന്യായ മേഖല ഏറെ ആദരവോടെ കാണുന്ന വ്യക്തിത്വമാണ് അഡ്വ. പി ബി മേനോൻ. സീനിയർ എന്ന വിളിപ്പേരിലാണ് ഇദ്ദേഹം കോടതിയിൽ അറിയപ്പെടുന്നത്.
പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യം എന്ന പി ബി മേനോൻ പല്ലശ്ശനയിലാണ് ജനിച്ചത്. പാലക്കാട്ടെ പഴയ മുനിസിപ്പൽ സ്കോളിലും വിക്ടോറിയ കോളേജിലുമായിരുന്നു പഠനം. നിയമപഠനം മദ്രാസ് ലോ കോളേജിൽനിന്ന് 1950ൽ പൂർത്തിയാക്കി. ചീഫ് ജസ്റ്റിസിന് മുന്നിലായിരുന്നു അന്നത്തെ എൻറോൾമെന്‍റ്.
advertisement
അന്നത്തെ അഡ്വക്കേറ്റ് ജനറൽ കുട്ടിക്കൃഷ്ണ മേനോന്‍റെ കീഴിൽ അപ്രന്‍റീസായി രണ്ടുവർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അതിനുശേഷമാണ് സ്വന്തം തട്ടകമായ പാലക്കാട്ടേക്ക് എത്തുന്നത്. അറിയപ്പെടുന്ന ക്രിമിനൽഅഭിഭാഷകനായ കെ എസ് രാമകൃഷ്ണയ്യരുടെ കീഴിലായിരുന്നു പാലക്കാട് പ്രാക്ടീസ് ചെയ്തത്. പിന്നീട് സിവിൽ കേസ് രംഗത്തേക്ക് തിരിയുകയായിരുന്നു.
പിന്നീട് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്‍റായിരുന്നു. നിയമസംബന്ധിയായ അതിവിപുലമായ പുസ്തകശേഖരം പി ബി മേനോന് ഉണ്ടായിരുന്നു. പുസ്തകങ്ങളെല്ലാം അദ്ദേഹം പിന്നീട് ബാർ അസോസിയേഷന് കൈമാറി. ഇപ്പോഴും നീതിന്യായവ്യവസ്ഥയിലെ ഓരോ പുതിയ കാര്യങ്ങളെക്കുറിച്ചും വളരെ ഉൽസാഹത്തോടെയാണ് അദ്ദേഹം പഠിക്കുന്നത്. പുതിയ വിവരങ്ങൾ എപ്പോഴും കൈയിലുണ്ടാകുന്ന ചെറിയ നോട്ട് ബുക്കിൽ കുറിച്ചിടുന്നതും അഡ്വ. പി ബി മേനോന്‍റെ ശീലമാണ്.
Location :
Palakkad,Palakkad,Kerala
First Published :
November 07, 2023 9:21 AM IST