മന്ത്രി ആന്റണി രാജു പ്രതിയായ കേസ്; അടിവസ്ത്രം വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായിരുന്നോ? സുപ്രീംകോടതി
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചു കൊണ്ട് കേസ് വംബര്‍ ഏഴിലേക്ക് മാറ്റി
ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് സുുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പടെ കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചു കൊണ്ടാണ് കേസ് നവംബര്‍ ഏഴിലേക്ക് സുപ്രീംകോടതി മാറ്റിയത്.
കേസില്‍ പുനരന്വേഷണം നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേസ് അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്റെ വ്യക്തിഗത വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോയെന്നും കോടതി ആരാഞ്ഞു. തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടെന്നാണ് ആന്റണി രാജുവിനെതിരായ കേസില്‍ വിശദീകരിച്ചിരിക്കുന്നത്. കോടതി ജീവനക്കാരനായ ജോസും കേസില്‍ പ്രതിയാണ്.
advertisement
ആന്റണി രാജുവിന്‍റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം തേടിയതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റിയത്.
കേസിലെ പരാതിക്കാരനായ അജയന്‍ നല്‍കിയ ഹര്‍ജിയില്‍ മന്ത്രി ആന്‍റണി രാജുവിനെ ‘തൊണ്ടി ക്ലര്‍ക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ദീപക് പ്രകാശ് ആരോപിച്ചു. ആന്റണി രാജു അഭിഭാഷകനാണെന്നും തൊണ്ടി ക്ലര്‍ക്ക് എന്ന വിശേഷണം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ഹാജരായി.
advertisement
കഴിഞ്ഞ തവണ ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്ഐആര്‍ റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി കേസില്‍ പുനരന്വേഷണം ആരംഭിച്ചത്.
Location :
New Delhi,New Delhi,Delhi
First Published :
September 26, 2023 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മന്ത്രി ആന്റണി രാജു പ്രതിയായ കേസ്; അടിവസ്ത്രം വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായിരുന്നോ? സുപ്രീംകോടതി