ക്യാരിബാഗിന് 20 രൂപ ഈടാക്കിയ മൾട്ടിനാഷണൽ കമ്പനിക്ക് കോടതി 3000 രൂപ പിഴയിട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
സാധനങ്ങൾ കൊണ്ടുപോകാൻ പേപ്പർ ബാഗ് നൽകിയതിന് ഇവരിൽ നിന്ന് 20 രൂപ കമ്പനി ഈടാക്കി.
കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് യുവതിയിൽ നിന്ന് പണം ഈടാക്കിയതിന് സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ സ്ഥാപനമായ ഐകിയക്ക് ബെംഗളൂരു കോടതി പിഴ ചുമത്തി. യുവതിക്ക് 3,000 രൂപ നൽകണമെന്നാണ് കോടതി ഉത്തരവ് . 2022 ഒക്‌ടോബർ 6 -ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സംഗീത ബൊഹ്‌റ എന്ന യുവതി കുറച്ച് സാധനങ്ങൾ വാങ്ങി. എന്നാൽ സാധനങ്ങൾ കൊണ്ടുപോകാൻ പേപ്പർ ബാഗ് നൽകിയതിന് ഇവരിൽ നിന്ന് 20 രൂപ കമ്പനി ഈടാക്കി. ഇതിനെ തുടർന്ന് ഉപഭോക്തൃ കോടതിയിൽ യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു.
കൂടാതെ കമ്പനിയുടെ ലോഗോ അച്ചടിച്ച ബാഗിന് തന്നിൽ നിന്ന് പണം ഈടാക്കിയ കമ്പനി നടപടിയെ സംഗീത ചോദ്യം ചെയ്തു. പേപ്പർ ബാഗുകൾക്ക് പണം ഈടാക്കുന്നത് കമ്പനിയുടെ സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതിയാണെന്നും ഇവർ ആരോപിച്ചു. സാധങ്ങൾ വാങ്ങുന്നതിന് മുമ്പ് ഈ ചാർജിനെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തുടർന്ന് യുവതിക്ക് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.
advertisement
ഈ വിഷയം അന്യായമായ വ്യാപാരത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു . വൻകിട മാളുകളുടെയും ഷോറൂമുകളുടെയും ഇത്തരം സേവനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ശാന്തിനഗർ, അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. എന്നാൽ തങ്ങളുടെ ബ്രാൻഡുള്ള ബാഗുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നത് അന്യായമല്ലെന്നാണ് ഐകിയയുടെ വാദം.
പേപ്പർ ബാഗ് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളുമായും വിശദമായ വിവരങ്ങൾ അതത് സ്റ്റോറുകളിൽ കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട് എന്നും ബില്ലിംഗ് സമയത്ത് മാത്രമായി ഈടാക്കുന്നതല്ലെന്നും ആണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഐകിയയുടെ വാദം ഉപഭോക്തൃ കമ്മീഷൻ തള്ളി. ” ചരക്കുകൾ ഡെലിവറി ചെയ്യാൻ എത്തിക്കുന്നതിന് വേണ്ടി വരുന്ന എല്ലാത്തരം ചെലവുകളും വിൽപനക്കാരൻ വഹിക്കേണ്ടിവരുമെന്ന് സംസ്ഥാന കമ്മീഷൻ അഭിപ്രായപ്പെട്ടു. അതിനാൽ കമ്പനി ഉന്നയിക്കുന്ന വാദം സ്വീകാര്യമല്ലെന്നും,” ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി.
advertisement
പ്രസിഡന്റ് ബിഎൻ അരയനപ്പ, അംഗങ്ങളായ ജ്യോതി എൻ, ശരാവതി എസ്എം എന്നിവരുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ കമ്മീഷൻ ആണ് ഉത്തരവിട്ടത്.അതേസമയം 30 ദിവസത്തിനകം ഈ ഉത്തരവ് പാലിക്കാനും ഉപഭോക്താവിന് പലിശ സഹിതം 20 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകണമെന്ന് സ്വീഡിഷ് കമ്പനിയോട് ബെംഗളൂരു കോടതി ആവശ്യപ്പെട്ടു.
Location :
Bangalore,Karnataka
First Published :
October 27, 2023 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ക്യാരിബാഗിന് 20 രൂപ ഈടാക്കിയ മൾട്ടിനാഷണൽ കമ്പനിക്ക് കോടതി 3000 രൂപ പിഴയിട്ടു