വരയിലെ വിസ്മയം ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
Last Updated:
തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി.
ലളിതമായ രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തിലേക്കുയര്‍ത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97 )അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം, വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം.
വരയും ഛായാചിത്രവും ശില്‍പകലയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. സവിശേഷമായ ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകള്‍ ശ്രദ്ധേയമായിരുന്നു.തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി. ആനുകാലികങ്ങളിലൂടെയുള്ള വര വായനക്കാരുടെ ലോകത്തെ വിസ്മയിപ്പിച്ചു.’എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്’ എന്ന് ‘രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായരും ‘വരയുടെ പരമശിവൻ’ എന്ന് വികെ എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളോടുള്ള ബഹുമാനമായി കരുതപ്പെടുന്നു.
advertisement
അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. ഉത്തരായണത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ചരിത്ര കഥാപാത്രങ്ങള്‍ ജീവന്‍ തുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്പങ്ങളും ചെമ്പുഫലകങ്ങളില്‍ വന്ന മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.
2004ല്‍ കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ പുരസ്കാരം നല്‍കി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചു. കഥകളി നര്‍ത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിത്രശേഖരവും ശ്രദ്ധേയമാണ് . ആത്മകഥാംശമുള്ള ‘രേഖകള്‍’ എന്ന പുസ്തകം പുറത്തിറങ്ങി.
advertisement
ഇളയ മകന്‍ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാള്‍ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു.2001ല്‍ ഭാഷാപോഷിണിയില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.
advertisement
ഭാര്യ മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.
artist namboothiri doyen of line sketches passes away
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 07, 2023 1:51 AM IST