സീരിയിലുകളിലേതിനേക്കാൾ വലിയ ട്വിസ്റ്റാണ് ഹിന്ദി സീരിയൽ സംവിധായകൻ റാം വ്രിക്ഷ ഗൗറിന്റെ ജീവിതത്തിൽ ലോക്ക്ഡൗൺ സമ്മാനിച്ചത്. സാഹചര്യങ്ങൾ ഒരു മനുഷ്യനെ പല വേഷങ്ങളിൽ അവതരിപ്പിക്കുമെന്ന് കഥാകാരനായ റാം ഗൗറിന് നന്നായി അറിയാം. സാങ്കൽപ്പിക കഥകളിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും മനുഷ്യൻ പല വേഷങ്ങൾ കെട്ടേണ്ടി വരുമെന്നതിന് ഗൗറിന‍്റെ ജീവിതം തന്നെ ഉദാഹരണം.
ഹിന്ദിയിലെ പ്രശസ്തമായ ബാലികാ വധു എന്ന സീരിയിലിന്റെ സംവിധായകരിൽ ഒരാളായിരുന്നു റാം ഗൗർ. സീരിയലിൽ നിന്നും സിനിമ എന്ന മോഹവുമായി അസംഗഡിലെത്തിയ സംവിധായകന്റെ ജീവിതം തന്നെ ട്വിസ്റ്റുകൾ നിറഞ്ഞ സിനിമാക്കഥ പോലെയായി.
You may also like:തികച്ചും യാദൃച്ഛികം? പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയിൽ പാലാരിവട്ടം പാലം പൊളിക്കുന്നു
സിനിമയ്ക്കായി അസംഗഡിൽ എത്തിയതിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതോടെ തിരിച്ചു പോക്ക് അസാധ്യമായി. ലോക്ക്ഡൗൺ മൂലം സാമ്പത്തിക ബാധ്യത വന്നതോടെ സിനിമ അടുത്ത വർഷമോ അതിനു ശേഷമോ നടക്കൂ എന്ന് നിർമാതാവും അറിയിച്ചു. സ്വപ്നങ്ങൾക്ക് സഡൻ ബ്രേക്ക് വന്നെങ്കിലും ജീവിതം റാം ഗൗറിന് മുന്നിൽ വെച്ചുനീട്ടിയത് പുതിയൊരു വേഷമായിരുന്നു.
പിതാവിന്റെ തൊഴിലായ പച്ചക്കറി വിൽപ്പനയിലേക്ക് റാം ഗൗർ തിരിഞ്ഞു. താൻ ചെയ്ത് ശീലിച്ച തൊഴിലായതിനാൽ യാതൊരു മടിയുമില്ലെന്ന് ഈ സംവിധായകൻ പറയുന്നു. സിനിമ എന്ന സ്വപ്നം താത്കാലികമായി മുടങ്ങിയെങ്കിലും നിരാശനായി വിധിയെ പഴിച്ചിരിക്കാൻ റാം ഗൗർ തയ്യാറായില്ല.
You may also like:കനകമല കേസ്: സുബ്ഹാനിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി
സുഹൃത്തും എഴുത്തുകാരനുമായ ഷാനവാസ് ഖാന്റെ സഹായത്തോടെ 2002 ലാണ് റാം ഗൗർ മുംബൈയിൽ എത്തുന്നത്. ആദ്യ കാലത്ത് ടിവി സീരിയലുകളിലെ ലൈറ്റ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. പിന്നീട് പല സീരിയലുകളുടേയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീടാണ് ബാലിക വധുവിന്റെ എപ്പിസോഡ് ഡയറക്ടറായും യൂണിറ്റ് ഡയറക്ടറായും ജോലി ചെയ്യുന്നത്.
പുതിയ ബോജ്പുരി ചിത്രത്തിന്റെ ആവശ്യത്തിനായാണ് റാം അസംഗഡിൽ എത്തുന്നത്. ഇതിന് ശേഷം ഒരു ഹിന്ദി ചിത്രവും പദ്ധതിയിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് കോവിഡും ലോക്ക്ഡൗണും. ഇതോടെ സ്വപ്നങ്ങൾക്ക് തത്കാലം ബ്രേക്ക് പറഞ്ഞിരിക്കുകയാണ് റാം.
മുംബൈയിൽ തന്റെ വീട്ടിൽ തിരിച്ചു പോകാനാകുമെന്ന പ്രതീക്ഷയിലാണ് റാം. എന്നാൽ അതുവരെ വെറുതെ ഇരിക്കാൻ ഇദ്ദേഹം തയ്യാറാല്ല. തന്നാൽ കഴിയുന്ന ജോലി ചെയ്ത് ജീവിക്കുമെന്ന് റാം ഗൗർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India lockdown, TV Serials